ന്യൂദല്‍ഹി: മലയാളികളെ അധിക്ഷേപിച്ച അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെ ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാംപെയ്ന്‍. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ തുടങ്ങിവെച്ച #ProudToBeMalayali. ക്യാംപെയ്ന്‍ ഇതിനോടകം നിരവധി പേരാണ് ഏറ്റെടുത്തത്.
കേരളം കൈവരിച്ച പുരോഗമനവും നവോത്ഥാനപരവുമായ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ഇതിന്റെ ചുവടുപിടിച്ച് നിരവധി പേരാണ് ട്വിറ്ററില്‍ ക്യാംപെയ്‌നില്‍ പങ്കെടുത്തത്.
ഏത് ദുരന്തത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരാന്‍ കഴിയുന്ന നാടാണ് കേരളമെന്നായിരുന്നു ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള പ്രതികരണം. മനുഷ്യത്വത്തിന്റെ മൂല്യം പഠിപ്പിച്ചുതന്ന കേരളത്തില്‍ ജനിച്ചതില്‍ അഭിമാനിക്കുന്നുവെന്നാണ് മറ്റൊരു ട്വീറ്റ്.
കഴിഞ്ഞ ദിവസം തന്റെ ചാനലായ റിപ്പബ്ലിക്ക് ടി.വിയില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന.
നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് മലയാളികള്‍ എന്നായിരുന്നു അര്‍ണാബിന്റെ പ്രതികരണം. യു.എ.ഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു അര്‍ണാബ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്. താന്‍ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണാബിന്റെ പ്രസ്താവന.
യു.എ.ഇ സഹായം കെട്ടുകഥയാണെന്നും കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാനാണ് ശ്രമമെന്നുമായിരുന്നു അര്‍ണാബിന്റെ പ്രതികരണം. രാജ്യദ്രോഹമനോഭാവമുള്ളവരാണ് ഇത്തരം പ്രചരണത്തിന് പിന്നിലെന്നും അര്‍ണാബ് പറഞ്ഞിരുന്നു.
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും വ്യാജപ്രചരണം നടത്തുകയാണെന്നും അവര്‍ക്ക് പണം ലഭിക്കുന്നുണ്ടോ എന്നും ചര്‍ച്ചയ്ക്കിടെ അര്‍ണാബ് ചോദിച്ചിരുന്നു. എന്നാല്‍ അര്‍ണാബിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
WATCH THIS VIDEO: