| Thursday, 29th February 2024, 8:57 pm

അയര്‍ലന്‍ഡിനെതിരെ കരിയറിലെ നിര്‍ണായക നേട്ടവുമായി ഹഷ്മത്തുള്ള ഷാഹിദി; അഫ്ഗാനിസ്ഥാന് 26 റണ്‍സിന്റെ ലീഡ്

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാനും അയര്‍ലാന്‍ഡും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം അവസാനിച്ചിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ അഫ്ഗാനിസ്ഥാന്‍ 37 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടിയിരിക്കുന്നത്. ഇതോടെ അഫ്ഗാനിസ്ഥാന്‍ 26 റണ്‍സ് ലീഡിലാണ്.

ആദ്യ ഇന്നിങ്‌സില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ 155 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ 263 റണ്‍സാണ് അയര്‍ലന്‍ഡ് നേടിയത്.

92 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ ഹഷ്മത്തുള്ള ഷാഹിദിയും 28 പന്തില്‍ നിന്ന് 23 റണ്‍സ് നേടിയ റഹ്‌മാനുള്ള ഗുര്‍ബാസുമാണ് നിലവില്‍ ക്രീസില്‍ തുടരുന്നത്. 53 റണ്‍സ് നേടിയ ഹഷ്മദുള്ള ഷാഹിദി തന്റെ കന്നി അര്‍ധസെഞ്ച്വറിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഏഴ് ടെസ്റ്റിലെ 14 ഇന്നിങ്‌സില്‍ നിന്നും 410 റണ്‍സാണ് താരം നേടിയത്. 200 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ നേടിയ താരത്തിന്റെ ആവറേജ് 44.55 ആണ്. ഇതുവരെ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് താരത്തിന്റെ അക്കൗണ്ടില്‍ ഉള്ളത്.

അയര്‍ലണ്ടിനുവേണ്ടി മാര്‍ക്ക് അഡയ്ര്‍ 7 ഓവറില്‍ നിന്ന് രണ്ട് മെയ്ഡന്‍ അടക്കം 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ബെറി മക്കര്‍ത്തി അഞ്ചോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കി.

21 പന്തില്‍ നിന്ന് 12 റണ്‍സ് നേടിയ ഓപ്പണര്‍ ഇബ്രാഹിം സദ്രാനെ പി.ജെ. മൂറിന്റെ കൈകളില്‍ എത്തിച്ചാണ് മാര്‍ക്ക് അഡയ്ര്‍ തുടക്കമിട്ടത്. 72 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ 100 അലിയെ അഡയ്‌റിന്റെ കൈകളില്‍ എത്തിച്ച് ബെറിയും വിക്കറ്റ് നേടി. ശേഷം ഇറങ്ങിയ റഹ്‌മത്ത് ഷായെ പുറത്താക്കി അഡയ്ര്‍ തന്റെ രണ്ടാം വിക്കറ്റും നേടി. ഒമ്പത് റണ്‍സിനാണ് താരം പുറത്തായത്.

Content Highlight: Hashmatullah Shahidi Get His First Fifty Against Ireland

We use cookies to give you the best possible experience. Learn more