ബൗളര്‍ അപ്പീല്‍ ചെയ്തില്ല, അമ്പയര്‍ ഔട്ട് വിധിച്ചില്ല, എന്നിട്ടും അംല പവലിയനിലേക്ക് മടങ്ങി; ഹാഷിം അംലയുടെ കട്ട ഹീറോയിസത്തിന് ക്രിക്കറ്റ് ലോകത്തിന്റെ ആദരവ്, വീഡിയോ കാണാം
Daily News
ബൗളര്‍ അപ്പീല്‍ ചെയ്തില്ല, അമ്പയര്‍ ഔട്ട് വിധിച്ചില്ല, എന്നിട്ടും അംല പവലിയനിലേക്ക് മടങ്ങി; ഹാഷിം അംലയുടെ കട്ട ഹീറോയിസത്തിന് ക്രിക്കറ്റ് ലോകത്തിന്റെ ആദരവ്, വീഡിയോ കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th May 2017, 9:43 am

ബംഗളൂരു: ചിലരങ്ങനെയാണ്, മറ്റുള്ളവരുടെ വിധിക്കലിനും വിലയിരുത്തലിനും കാത്തു നില്‍ക്കില്ല. സ്വയം ശരിയെന്നു തോന്നുന്നത് ചെയ്യും. അവര്‍ക്ക് മുന്നില്‍ ഒരു കോടതിയേ ഉള്ളൂ, അത് സ്വന്തം മനസാക്ഷിയുടെ കോടതിയാണ്. അവിടെ അവരെന്നും ശരിയായിരിക്കും. ഇന്നലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലും അത്തരത്തിലൊരു കാഴ്ച്ച കണ്ടു. ക്രിക്കറ്റ് ലോകം മുഴുവന്‍ ഒരു മനുഷ്യന്റെ ക്ലാസിനു മുന്നില്‍ നമിച്ചു പോയ നിമിഷമായിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സിനെതിരെ എതിര്‍ ടീമിന്റെ അപ്പീലിനോ അമ്പയറുടെ വിധിയ്‌ക്കോ കാത്തു നില്‍ക്കാതെ സ്വയം ഔട്ടായെന്നു മനസിലായതോടെ കളം വിട്ട അംലയായിരുന്നു പഞ്ചാബിന്റെ തലയുയര്‍ത്തിപിടിച്ചത്. ഹാഷിം അംല, ക്രിക്കറ്റില്‍ നിന്നും അന്യമായി കൊണ്ടിരിക്കുന്ന മാന്യതയുടെ മുഖമാണ്.

പഞ്ചാബ് ഇന്നിംഗ്‌സ് ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. പഞ്ചാബാകട്ടെ അക്കൗണ്ട് തുറന്നതേ ഉള്ളൂ. ബംഗളൂരു പേസര്‍ അങ്കിത് ചൗധരിയുടെ പന്ത് അംലയുടെ ബാറ്റിനെ ചെറുതായൊന്ന് ചുംബിച്ച് കടന്നു പോയി. വിക്കറ്റ് കീപ്പര്‍ കേദാര്‍ ജാദവ പന്ത് കയ്യിലൊതുക്കിയെങ്കിലും അങ്കിത്തോ കേദാറോ അപ്പീല്‍ ചെയ്തില്ല. കാരണം പന്ത് ബാറ്റില്‍ കൊണ്ടെന്ന് അവര്‍ക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല.

എന്നിട്ടും അമ്പയറുടെ വിധിക്കലിനു പോലും കാത്തു നില്‍ക്കാതെ സ്വയം ഔട്ട് പ്രഖ്യാപിച്ച് അംല പവലിനയിലേക്ക് മടങ്ങി. ഓരേ സമയം സന്തോഷവും അമ്പരപ്പും ബംഗളൂരു താരങ്ങളുടേയും ആരാധകരുടേയും മുഖത്ത്. ആ ഹീറോയിസത്തിനു മുന്നില്‍ ഒരു നിമിഷം ക്രിക്കറ്റ് ലോകം മനസാല്‍ സല്യൂട്ടടിച്ചിരിക്കാം.


മത്സരത്തില്‍ വീണ്ടും തോല്‍ക്കാനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിധി. കിങ്സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 139 റണ്‍സിന്റെ താരതമ്യേന ദുര്‍ബലമായ ലക്ഷ്യം പിന്തുടര്‍ന്ന ബാഗ്ലൂരിന്റെ ഇന്നിങ്സ് 119 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ടൂര്‍ണ്ണമെന്റിലെ മികച്ച ബാറ്റ്സ്മാന്‍ മാരുടെ നിരയുണ്ടായിട്ടും 139 എന്ന സംഖ്യയിലേക്ക് പട നയിക്കാന്‍ ബാഗ്ലൂര്‍ നിരയില്‍ ഇന്നും ആരും ഉണ്ടായില്ല. 46 റണ്‍സുമായ് പൊരുതി നോക്കിയ മന്ദീപ് സിങ്ങിനെ കാര്യമായ പിന്തുണ നല്‍കാന്‍ സഹതാരങ്ങള്‍ ആരും ഉണ്ടായിരുന്നില്ല. മന്ദീപ് പുറത്തായ ശേഷം തങ്ങളുടെ വിജയ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്ന പഞ്ചാബ് താരങ്ങളെയാണ് മെതാനത്ത് കണ്ടത്.

21 റണ്‍സെടുത്ത പവന്‍ നേഗിയും 10 റണ്‍സെടുത്ത എബിഡി വില്ല്യേഴ്സും മാത്രമാണ് ബാഗ്ലൂര്‍ നിരയില്‍ രണ്ടക്കം കണ്ട മറ്റു താരങ്ങള്‍. ലോകോത്തര താരങ്ങള്‍ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. വിരാട് കോഹ്ലി 6, ക്രിസ് ഗെയ്ല്‍ 0, ഷെയ്ന്‍ വാട്സണ്‍ 3 എന്നിങ്ങനെയായിരുന്നു താരങ്ങളുടെ സംഭാവന. പഞ്ചാബിനായി ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത അക്സര്‍ പട്ടേല്‍ 3 വിക്കറ്റ് വീഴ്ത്തി


Also Read: ‘നിര്‍ഭയയ്ക്കു ലഭിച്ച നീതി എനിക്കും വേണം’: തന്നെ ബലാത്സംഗം ചെയ്തവര്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബില്‍ക്കിസ് ഭാനു 


ആദ്യം ബാറ്റ് ചെയ്ത കിങ്ങ്സ് ഇലവന്‍ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 138 റണ്‍സെടുത്തത്. 38 റണ്‍സെടുത്ത ഇന്ത്യന്‍ യുവതാരം അക്സര്‍ പട്ടേലിന്റെ ബാറ്റിങ് മികവാണ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ പഞ്ചാബിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

അക്സറിന് പുറമേ പഞ്ചാബ് നിരയില്‍ മനന്‍ വോഹ്റ (25), വൃദ്ധിമാന്‍ സാഹ ( 21), ഷോണ്‍ മാര്‍ഷ് (20) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ബാംഗ്ലൂരിനായ് അങ്കിത് ചൗധരി യൂസവേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.