ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യയില്‍ നിന്നെത്തിയ വനിതാമാധ്യമ പ്രവര്‍ത്തകയോട് മാന്യമായി വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തെ തെറ്റെന്ന് ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല. നവമാധ്യമങ്ങളില്‍ തന്നെ കുറിച്ച് പ്രചരിക്കുന്ന കഥകളില്‍ 95 ശതമാനവും വ്യാജമാണെന്നും അംല ട്വീറ്റ് ചെയ്തു.
“ദക്ഷിണാഫ്രിക്കക്കാരനായ എനിക്ക് ജനങ്ങളോടും എല്ലാ സംസ്‌കാരങ്ങളോടും വിശ്വാസത്തോടും അങ്ങേയറ്റം ബഹുമാനമാണ്. എന്റെ വിശ്വാസം മറ്റുള്ളവര്‍ക്ക് മുകളില്‍ ഒരിക്കലും അടിച്ചേല്‍പ്പിക്കില്ല. ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന 95 ശതമാനം കാര്യങ്ങളും തെറ്റാണ്… പക്ഷെ നിങ്ങളത് ശരിയാണെന്ന് വിശ്വസിച്ചു? ഞാന്‍ ഒരു റിപ്പോര്‍ട്ടറോടും എനിക്കിഷ്ടപ്പെടുന്ന പോലെ വസ്ത്രം ധരിച്ച് വരാന്‍ ആവശ്യപ്പെട്ടിട്ടില്ല”.
എ.ബി.പി ലൈവിലെ അവതാരികയാണ് മോഡേണ്‍ വേഷമണിഞ്ഞ് അംലയെ അഭിമുഖം നടത്താനെത്തിയത്. എന്നാല്‍ അവതാരികയ്ക്ക് മുഖം നല്‍കാതെ ഇന്റര്‍വ്യൂ നല്‍കാന്‍ വിസമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
അംലക്കെതിരെ സമാനമായ ആരോപണം കഴിഞ്ഞ വര്‍ഷം ഒരു പാക് പത്രത്തിലും ഉണ്ടായിരുന്നതായും ഇത് വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഉദ്ദരിച്ച് “ദ സൗത്ത് ആഫ്രിക്കന്‍” പത്രം റിപ്പോര്‍ട്ട് ചെയ്തു.
ബിയര്‍ കമ്പനിയുടെ ലോഗോ വെച്ച ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ജേഴ്‌സിയില്‍ ധരിക്കാന്‍ വിസമ്മതിച്ചതിന് അംല 500 ഡോളര്‍ പിഴ നല്‍കിയെന്ന വാര്‍ത്തയും തെറ്റാണെന്ന് അംലയുടെ ഏജന്റ് ഇസ്മയില്‍ ഖജീ പറഞ്ഞു.