പി.കെ ഹിന്ദുത്വ വിരുദ്ധ സിനിമയാണെന്ന പ്രചരണത്തിനെതിരെ ട്വിറ്ററില്‍ പി.കെ അനുകൂല തരംഗം. “വീ സപ്പോര്‍ട്ട് പി.കെ” എന്ന ഹാഷ് ടാഗില്‍ നിരവധി കമന്റുകളാണ് വരുന്നത്. നേരത്തെ “ബോയ്‌കോട്ട് പി.കെ” എന്ന ഹാഷ് ടാഗില്‍ ചിത്രത്തിനെതിരെ ചിലര്‍ പ്രതികരിച്ചിരുന്നു. ഇസ്‌ലാമിക ഭീകരവാദികള്‍ക്ക് ബോളിവുഡില്‍ നിക്ഷേപമുണ്ടെന്നും ചിത്രം ലൗ ജിഹാദിനെ പ്രേരിപ്പിക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്.
വിവാദങ്ങളോട് ആമിര്‍ പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെ “ഞാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവനാണ് ചിത്രം കണ്ടിട്ടുള്ള എന്റെ എല്ലാ ഹിന്ദു സുഹൃത്തുക്കളും ഇത്തരത്തില്‍ അഭിപ്രായപ്പെട്ടിട്ടില്ല. സംവിധായകന്‍ രാജ് കുമാര്‍ ഹിറാനി ഒരു ഹിന്ദുവാണ് ഇത് കൂടാതെ ചിത്രത്തിന്റെ അണിയറയില്‍ ഉണ്ടായിരുന്നവരില്‍ 99 ശതമാനവും ഹിന്ദുക്കളായിരുന്നു.”
വിവാദങ്ങള്‍ക്കിടയിലും റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ കൊണ്ട് 92.51 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തില്‍ അന്യഗ്രഹത്തില്‍ നിന്നുള്ള ആളായാണ് ആമിര്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് ഇതു വരെ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.