| Friday, 1st October 2021, 10:52 am

ഹസനുല്‍ ബന്നയ്ക്ക് മാധ്യമത്തില്‍ നിന്നും സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാധ്യമം പത്രത്തിന്റെ ദല്‍ഹി ബ്യൂറോ ചീഫ് കറസ്‌പോണ്ടന്റ് മുഹമ്മദ് ഹസനുല്‍ ബന്നയെ 2021 സെപ്തംബര്‍ 30 മുതല്‍ ഏഴ് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തു. മാധ്യമത്തിന്റെ നയനിലപാടുകള്‍ക്ക് വിരുദ്ധമായി പൊതുഇടങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുകയും സ്ഥാപനത്തിന്റെ സോഷ്യല്‍ മീഡിയ പോളിസി ലംഘിക്കുകയും ചെയ്തതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍ എന്നാണ് മാധ്യമം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എച്ച് ആര്‍ അറിയിച്ചിരിക്കുന്നത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ അനുമതിയില്ലാതെ മാധ്യമം ഓഫീസുകളില്‍ പ്രവേശിക്കാന്‍ പാടില്ല എന്നും അറിയിപ്പിലുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റ് ന്യൂസില്‍ താലിബാന്‍ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മാധ്യമത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഹസനുല്‍ ബന്ന പങ്കെടുത്തതും ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. പിന്നാലെ ജമാഅത്തെ ഇസ്‌ലാമി അനുഭാവികളില്‍ നിന്നടക്കം ഹസനുല്‍ ബന്നയ്ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വ്യക്തതയില്ലാത്ത അഭിപ്രായ പ്രകടനങ്ങള്‍ നടത്തി ഹസനുല്‍ ബന്ന മാധ്യമത്തിന് നാണക്കേടുണ്ടാക്കിയെന്നും വിമര്‍ശനങ്ങളുണ്ടായിരുന്നു. മാധ്യമത്തിന്റെ ദല്‍ഹി ബ്യൂറോയില്‍ ചീഫ് കറസ്‌പോണ്ടന്റ് ആയിരിക്കെ നവമാധ്യമങ്ങളിലും മറ്റും അദ്ദേഹം നടത്തിവന്ന ഇടപെടലുകളില്‍ നേരത്തെ തന്നെ മാധ്യമത്തില്‍ നിന്നും ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ചര്‍ച്ച വിവാദമായതിന് പിന്നാലെ ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ മാധ്യമം, മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്ററായ ഒ അബ്ദുറഹ്മാനുമായി ചര്‍ച്ച നടത്തി. ഇതിന് പിന്നാലെയാണ് ഹസനുല്‍ ബന്നയെ ഏഴ് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തത്. മാധ്യമം എഡിറ്ററായ വി.എം. ഇബ്രാഹിമിന്റെ സഹോദരന്‍ കൂടിയാണ് ഹസനുല്‍ ബന്ന.

Content Highlight: Hasanul Banna suspended from Madhyamam Daily

We use cookies to give you the best possible experience. Learn more