ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് എതിരെ 302 റണ്‍സിന്റെ കൂറ്റന്‍ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ലോകകപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം വിജയമായിരുന്നു ഇത്.
മത്സരത്തില്‍ ലങ്കയെ വെറും 55 റണ്‍സിനാണ് ഇന്ത്യന്‍ ടീം എറിഞ്ഞു വീഴ്ത്തിയത്. മത്സരത്തില്‍ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റും മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി മികച്ച പ്രകടനമാണ് നടത്തിയത്.
ഇന്ത്യയുടെ ഈ ജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിക്കുകയാണ് മുന്‍ പാക് താരം ഹസന്‍ റാസ.
മറ്റുള്ള ടീമുകളെക്കാള്‍ കൂടുതല്‍ സീമും സ്വിങ്ങും ചെയ്യുന്നതിനായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) വ്യത്യസ്തമായ പന്തുകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നല്‍കി സഹായിച്ചുവെന്നാണ് റാസ പറഞ്ഞത്.
‘ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നല്‍കിയ പന്തുകള്‍ പരിശോധിക്കണം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ സീമും സ്വിങ്ങും ലഭിക്കുന്നു. മുഹമ്മദ് ഷാമിയും മുഹമ്മദ് സിറാജും അലന്‍ ഡൊണാള്‍ഡിനേയും മഖായ എന്റിനിയേയും പോലെ ബൗള്‍ ചെയ്യുന്നു. മുംബൈയില്‍ ഷമിയുടെ ബോളിങ്ങിലുള്ള സ്വിങ് കണ്ട് മാത്യൂസ് വരെ അത്ഭുതപ്പെട്ടു. ഒന്നെങ്കില്‍ ഐ.സി.സി ഇന്ത്യന്‍ ബൗളര്‍മാരെ സഹായിച്ചു അല്ലെങ്കില്‍ ബി.സി.സി.ഐ അവരുടെ ബൗളര്‍മാരെ സഹായിച്ചു. ചിലപ്പോള്‍ തേഡ് അമ്പയറുടെ ഇടപെടലും ഇതില്‍ ഉണ്ടായേക്കാം,’ഹസന്‍ റാസ എക്സില്‍ കുറിച്ചു.
മുംബൈ വാഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 എന്ന വലിയ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് മുന്‍പില്‍ ഉയര്‍ത്തിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. അഞ്ച് ഓവറില്‍ 18 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ ആണ് ഷമി നേടിയത്. ഷമിയുടെ മികച്ച ബൗളിങ് ശ്രീലങ്കന്‍ ബാറ്റര്‍മാരെ മത്സരത്തില്‍ ഒന്നു പൊരുതാന്‍ പോലും അനുവദിച്ചില്ല. ഷമിക്ക് പുറമേ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഇന്ത്യ 302 റണ്‍സിന്റെ അവിസ്മരണീയ വിജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ തുടര്‍ച്ചയായ ഏഴ് വിജയങ്ങളുമായി ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറുന്ന ആദ്യ ടീമായി മാറാനും ഇന്ത്യക്ക് സാധിച്ചു.
Content Highlight: Hasan Raza talks ICC giving help Indian bowlers to get more seam and swing.