ലോകകപ്പില്‍ തുടര്‍ച്ചയായ വിജയം; ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തിലും കൃത്രിമമെന്ന് ഹസന്‍ റാസ
2023 ICC WORLD CUP
ലോകകപ്പില്‍ തുടര്‍ച്ചയായ വിജയം; ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തിലും കൃത്രിമമെന്ന് ഹസന്‍ റാസ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th November 2023, 12:50 pm

ലോകകപ്പില്‍ നവംബര്‍ അഞ്ചിന് ഈഡന്‍ ഗാര്‍ഡന്‍സില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യ 243 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ തുടര്‍ച്ചയായ എട്ടാം വിജയവും സ്വന്തമാക്കിയിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍ പടുത്തുയര്‍ത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

എന്നാല്‍ മത്സരത്തിന് ശേഷം മുന്‍ പാകിസ്ഥാന്‍ താരം ഹസന്‍ റാസ മറ്റൊരു വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഡി.ആര്‍.എസ് സംവിധാനം ഇന്ത്യന്‍ ടീമിന് അനുകൂലമായി കൃത്രിമം കാണിക്കുന്നു എന്നാണ് റാസയുടെ ഇപ്പോഴത്തെ സംശയം. ഇതിന് മുമ്പ് ഇന്ത്യന്‍ ടീമിന് മാത്രമായി മികച്ച സീമും സ്വിങ്ങും ലഭിക്കുന്ന പന്തുകള്‍ ഐ.സി.സി നല്‍കുന്നെന്നും റാസ ആരോപിച്ചിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ മുഹമ്മദ് ഷമി പന്തെറിഞ്ഞപ്പോള്‍ റാസി ഡെര്‍ ഡസന്‍ എല്‍.ബി.ഡബ്ലിയു ആയതാണ് ആരോപണത്തിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ആദ്യ ഡിസിഷനില്‍ നോട്ട് ഔട്ട് വിധിച്ചെങ്കിലും ബൗളിങ് ടീം ഡി.ആര്‍.എസ് റിവ്യു ചെയ്തപ്പോള്‍ പന്ത് സ്റ്റംപില്‍ തട്ടി വിക്കറ്റ് ലഭിക്കുകയായിരുന്നു. ഇത് ഹസന്‍ റാസയ്ക്ക് സ്വീകാര്യമായിരുന്നില്ല.

‘എനിക്ക് തോന്നിയത് ഞാന്‍ വീണ്ടും പറയാം, പന്ത് ലെഗ് സ്റ്റംപിന് തട്ടിയാണ് റാസി പുറത്തായത് പക്ഷെ ഡി.ആര്‍.എസ് സാങ്കേതികവിദ്യ മറിച്ചാണ് കാണിച്ചത്. പന്ത് എങ്ങനെ സ്റ്റംപില്‍ തട്ടുമെന്നത് എനിക്ക് മനസിലാകുന്നില്ല. സൗത്ത് ആഫ്രിക്കയുടെ ഏറ്റവും മികച്ച ബാറ്ററാണ് റാസി. കൂടാതെ മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ ജഡേജയും വീഴ്ത്തിയിരുന്നു. ഡി.ആര്‍.എസ് സംവിധാനനം ഇന്ത്യന്‍ ടീമിന് അനുകൂലമായി കൃത്രിമം കാണിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

2011 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറെ സഈദ് അജ്മല്‍ പുറത്താക്കിയതിനെ കുറിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗത്ത് ആഫ്രിക്കയുമായുള്ള മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ച്വറിയുമാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 121 പന്തില്‍ 101 റണ്‍സിന് പുറത്താകാതെയാണ് കോഹ്‌ലി തന്റെ കരിയറിലെ 49ാം ഏകദിന സെഞ്ച്വറി നേടിയത്. ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറുടെ ലോകറെക്കോഡിനൊപ്പമാണ് വിരാട്. ശ്രേയസ് 77 (87) റണ്‍സും രോഹിത് ശര്‍മ 40 (24) റണ്‍സുമെടുത്ത് മികച്ച പ്രകടനമാണ് നടത്തിയത്.

ഇന്ത്യന്‍ ബൗളിങ് നിരയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് പ്രോട്ടീസ് തകര്‍ന്നടിഞ്ഞത്. രവീന്ദ്ര ജഡേജ ഒമ്പത് ഓവറില്‍ 33 റണ്‍സ് വിട്ട് കൊടുത്ത് അഞ്ച് വിക്കറ്റുകള്‍ നേടിയപ്പോള്‍ കുല്‍ദീപ് യാദവ് 5.1 ഓവറില്‍ 7 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. മുഹമ്മദ് ഷമി നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

തുടര്‍ച്ചയായ എട്ട് മത്സരത്തില്‍ വിജയിച്ചതോടെ ഇന്ത്യ 2023 ലോകകപ്പില്‍ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ അടുത്ത മത്സരം നവംബര്‍ 12ന് നെതര്‍ലന്‍ഡസിനോടാണ്. എട്ട് മത്സരത്തില്‍ നിന്ന് നാല് വിജയവുമായി പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. നവംബര്‍ 11ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് പാകിസ്ഥാന്റെ എതിരാളികള്‍. സെമി ഫൈനല്‍ സാധ്യതകള്‍ ഉറപ്പിക്കാന്‍ പാകിസ്ഥാന് മത്സരം നിര്‍ണായകമാണ്.

 

Content Highlight: Hasan Raza said that the decision review system is also rigged