ലോകകപ്പില്‍ ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തില്‍ 19 പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ പട 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് പടുത്തുയര്‍ത്തി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 46.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സിന് വിജയിക്കുകയായിരുന്നു. ഓസീസിനെ വിജയത്തിലെത്തിച്ചതിന്റെ പങ്ക് മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത വിധത്തിലായിരുന്നു മാക്‌സിയുടെ തകര്‍പ്പന്‍ പ്രകടനം.
എന്നാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ അഫ്ഗാന്‍ മികച്ച ബൗളിങ്ങായിരുന്നു കാഴ്ച്ചവെച്ചത്. ഓസിസിനെ 91 റണ്‍സിന് ഏഴ് വിക്കറ്റ് എടുത്തിട്ടും അവര്‍ പരാജയപ്പെടുകയായിരുന്നു. 25 ഓവര്‍ വരെയുള്ള അഫ്ഗാനിസ്ഥാന്റെ മികച്ച പ്രകടനത്തില്‍ വിവാദ പരാമര്‍ശവുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഹസന്‍ റാസ. ഇന്ത്യ ഉപയോഗിച്ച അതേ പന്താണ് ഓസീസിനെതിരെ ആദ്യപകുതിയില്‍ അഫ്ഗാനിസ്ഥാന് കൊടുത്തതെന്നാണ് റാസയുടെ പുതിയ സിദ്ധാന്തം.
അഫ്ഗാന്‍ പേസര്‍മാരായ അസ്മത്തുള്ള ഒമര്‍സിക്കും നവീന്‍ ഉള്‍ ഹഖിനും ഇന്ത്യ ഉപയോഗിച്ച അതേ പന്താണ് കൊടുത്തതെന്നാണ് റാസി പറയുന്നത്. ശേഷം പന്ത് മാറ്റിയപ്പോഴാണ് മാക്‌സ് വെല്‍ അഫ്ഗാന്‍ ബൗളര്‍മാരെ അടിക്കാന്‍ തുടങ്ങിയതന്നും റാസ പറഞ്ഞു.
‘ബൗളര്‍മാര്‍ക്ക് നല്ല സ്വിങ്ങും സീമും ലഭിക്കുന്നുണ്ട്, പക്ഷേ ആദ്യഘട്ടത്തില്‍ നവീന്‍ നേടിയ സ്വിങ്ങ് മികച്ചതാണ്. 25 ഓവറുകള്‍ക്ക് ശേഷം പന്ത് മാറിയപ്പോള്‍ മാക്‌സ് അതേ ബൗളര്‍മാര്‍ക്കെതിരെയാണ് റണ്‍സ് അടിച്ചുകൂട്ടിയത്. ഇന്ത്യന്‍ ടീം ഉപയോഗിച്ച അതേ പന്താണ് അവര്‍ക്കും നല്‍കിയത്. അതില്‍ അവര്‍ ഏഴ് വിക്കറ്റും നേടി. പന്ത് നന്നായി സിങ്ങ് ചെയ്യുകയും സ്ലിപ്പിലേക്ക് പോവുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷം മാക്‌സ്വെല്‍ തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറിയും നേടി,’അദ്ദേഹം പറഞ്ഞു.
ഇതാദ്യമായല്ല റാസ ഇത്തരത്തിലുള്ള വിവാദ പരാമര്‍ശം നടത്തുന്നത്. ഇന്ത്യ- സൗത്ത് ആഫ്രിക്ക മത്സരത്തിന് ശേഷവും ഹസന്‍ റാസ വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നിരുന്നു. ഡി.ആര്‍.എസ് സംവിധാനം ഇന്ത്യന്‍ ടീമിന് അനുകൂലമായി കൃത്രിമം കാണിക്കുന്നു എന്നാണ് റാസ പറയുന്നത്. ഇതിന് മുമ്പ് ഇന്ത്യന്‍ ടീമിന് മാത്രമായി മികച്ച സീമും സ്വിങ്ങും ലഭിക്കുന്ന പന്തുകള്‍ ഐ.സി.സി നല്‍കുന്നെന്നും റാസ ആരോപിച്ചിരുന്നു.
എന്നാല്‍ റാസയുടെ ആരോപണത്തിനെതിരെ മുന്‍ പാക് താരം വസീം അക്രം വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇത്തരം അഭിപ്രായങ്ങള്‍ പാകിസ്ഥാനെ ലോകത്തിന് മുമ്പില്‍ പരിഹാസപാത്രമാക്കുമെന്നാണ് അക്രം പറഞ്ഞത്. നിരന്തരമായ അടിസ്ഥാന രഹിത ആരോപണങ്ങളാണ് റാസ ആരോപിക്കുന്നതെന്ന് ക്രിക്കറ്റ് താരങ്ങളും നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നു.
അഫ്ഗാനുമായുള്ള മത്സരത്തില്‍ കാലില്‍ പരിക്ക് പറ്റിയിട്ടും 128 പന്തുകളില്‍ നിന്നും 10 സിക്സറുകളും 21 ബണ്ടറികളുമടക്കം 201 റണ്‍സിന്റെ ചരിത്രമാണ് മാക്‌സ് വെല്‍ എന്ന ഒറ്റയാന്‍ ഭീകരന്‍ നേടിയത്. സ്വന്തം ടീമിനെ സെമി ഫൈനലില്‍ എത്തിക്കാന്‍ മാക്‌സി എന്ത് ത്യാഗത്തിനും തയ്യാറായിരുന്നു. മാക്‌സിയെ പുറത്താക്കാന്‍ രണ്ട് അവസരങ്ങള്‍ ലഭിച്ചിട്ടും അത് വിനിയോഗിക്കാന്‍ കഴിയാഞ്ഞത് അഫ്ഗാനെ തോല്‍വിയില്‍ എത്തിക്കുകയായിരുന്നു.
Content Highlight: Hasan Raza said that Afghanistan also gave the same ball that India used