പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ മൂന്നാം ടി-20യില്‍ ആതിഥേയരെ ഞെട്ടിച്ച് പാകിസ്ഥാന്‍. ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 205 റണ്‍സിന്റെ വിജയലക്ഷ്യം 24 പന്ത് ശേഷിക്കെ മറികടന്നാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.
സൂപ്പര്‍ താരം ഹസന്‍ നവാസിന്റെ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് പാകിസ്ഥാന്‍ ജയിച്ചുകയറിയത്.
നവാസ് 45 പന്തില്‍ പുറത്താകാതെ 105 റണ്‍സ് നേടിയപ്പോള്‍ 31 പന്തില്‍ പുറത്താകാതെ 51 റണ്‍സാണ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.
ഈ പരമ്പരയിലൂടെയാണ് നവാസ് അന്താരാഷ്ട്ര ടി-20യില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ മത്സരത്തില്‍ ജേകബ് ഡഫിയുടെ പന്തില്‍ സില്‍വര്‍ ഡക്കായി മടങ്ങിയ താരം രണ്ടാം മത്സരത്തില്‍ ബ്രോണ്‍സ് ഡക്കായും പുറത്തായി. ജേകബ് ഡഫി തന്നെയാണ് വിക്കറ്റ് നേടിയത്.
എന്നാല്‍ കരിയറിലെ മൂന്നാം മത്സരത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയാണ് ഹസന്‍ നവാസ് തിരിച്ചുവരവ് നടത്തിയത്.
പാകിസ്ഥാനായി ടി-20യില്‍ സെഞ്ച്വറി നേടുന്ന നാലാമത് ബാറ്ററെന്ന നേട്ടം സ്വന്തമാക്കിയ നവാസ് ഒരു ചരിത്ര റെക്കോഡില്‍ ഒന്നാം സ്ഥാനത്തുമെത്തി. പാകിസ്ഥാനായി ടി-20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് നവാസ് സ്വന്തമാക്കിയത്.
ടി-20യില്‍ പാകിസ്ഥാനായി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിയ താരങ്ങള്‍ (നേരിട്ട പന്തിന്റെ അടിസ്ഥാനത്തില്‍)
(താരം – എതിരാളികള്‍ – സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
ഹസന്‍ നവാസ് – ന്യൂസിലാന്‍ഡ് – 44 -ഓക്‌ലന്‍ഡ് – 2025*
ബാബര്‍ അസം – സൗത്ത് ആഫ്രിക്ക – 49 – സെഞ്ചൂറിയന്‍ – 2021
അഹമ്മദ് ഷെഹസാദ് – ബംഗ്ലാദേശ് – 58 – ധാക്ക – 2014
ബാബര്‍ അസം – ന്യൂസിലാന്‍ഡ് – 58 – ലാഹോര്‍ – 2023
അതേസമയം, മത്സരത്തില്‍ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച പാകിസ്ഥാനെ ഞെട്ടിച്ചുകൊണ്ടാണ് ആതിഥേയര്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 19.5 ഓവറില്‍ 204 റണ്‍സാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്.
44 പന്തില്‍ 94 റണ്‍സ് നേടിയ മാര്‍ക് ചാപ്മാന്റെ കരുത്തിലാണ് ന്യൂസിലാന്‍ഡ് മികച്ച സ്‌കോറിലെത്തിയത്. 11 ഫോറും നാല് സിക്‌സറും ഉള്‍പ്പടെ 213.64 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ചാപ്മാന്റെ വെടിക്കെട്ട്.
ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്വെല്‍ 18 പന്തില്‍ 31 റണ്‍സ് നേടി രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി. ടിം സീഫെര്‍ട്ട് (ഒമ്പത് പന്തില്‍ 19), ഡാരില്‍ മിച്ചല്‍ (11 പന്തില്‍ 17), ഇഷ് സോധി (പത്ത് പന്തില്‍ പത്ത്) എന്നിവരാണ് ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
പാകിസ്ഥാനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് നേടി. അബ്ബാസ് അഫ്രിദി, ഷഹീന്‍ അഫ്രിദി, അബ്രാര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷദാബ് ഖാനാണ് ശേഷിച്ച വിക്കറ്റെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ആദ്യ ഓവര്‍ മുതല്‍ തന്നെ തകര്‍ത്തടിച്ചു. മുഹമ്മദ് ഹാരിസും ഹസന്‍ നവാസും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 74 റണ്‍സാണ് ചേര്‍ത്തുവെച്ചത്.
20 പന്തില്‍ 41 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റ് ചെയ്യവെ ജേകബ് ഡഫി ഹാരിസിനെ മടക്കി. മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 205.00 സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
വണ്‍ ഡൗണായി സല്‍മാന്‍ അലി ആഘയെത്തിയതോടെ മത്സരം പാകിസ്ഥാന്റെ കൈവശമായി. ഇരുവരും തകര്‍ത്തടിച്ച് 16 ഓവറില്‍ പാകിസ്ഥാനെ ലക്ഷ്യത്തിലെത്തിച്ചു.
ഹസന്‍ നവാസ് 45 പന്തില്‍ പുറത്താകാതെ 105 റണ്ണടിച്ചു. ഏഴ് സിക്‌സറും പത്ത് ഫോറും അടക്കം 233.33 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. 31 പന്തില്‍ 51 റണ്‍സുമായി ആഘാ സല്‍മാനും പുറത്താകതെ നിന്നു.
ഈ വിജയത്തിന് പിന്നാലെ പരമ്പര നഷ്ടപ്പെടാതെ സജീവമാക്കി നിര്‍ത്താനും സന്ദര്‍ശകര്‍ക്കായി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ന്യൂസിലാന്‍ഡ് 2-1ന് മുമ്പിലാണ്.
മാര്‍ച്ച് 23നാണ് പരമ്പരയിലെ നാലാം മത്സരം. മൗണ്ട് മംഗനൂയിയിലെ ബേ ഓവലാണ് വേദി.
Content Highlight: Hasan Nawaz surpassed Babar Azam in fastest T20i century for Pakistan