| Monday, 18th March 2019, 8:22 am

ബി.ജെ.പിയെയും മോദിയേയും ട്രോളിക്കൊന്ന് ഹസന്‍ മിന്‍ഹാജ്; പാട്രിയോട്ട് ഷോയിലെ പുതിയ ലക്കം ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ങ്ടണ്‍: സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ ഹസ്ന്‍ മിന്‍ഹാജിന്റെ പ്രശസ്ത നെറ്റ്ഫ്‌ളിക്‌സ് ഷോ പാട്രിയട്ട് ആക്ടിലെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം ഇന്ത്യന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നതിന്റെ അപകടങ്ങള്‍ ഇന്ത്യന്‍ വംശജനായ, അമേരിക്കന്‍ പൗരത്വമുള്ള മുസ്‌ലിം നാമധാരിയായ ഹസനോട് വിവരിക്കുന്ന ഒരു കൂട്ടം ഇന്ത്യന്‍ മധ്യവയസ്‌കരില്‍ നിന്നാണ് ഷോ ആരംഭിക്കുന്നത്.

“നിങ്ങളുടെ പേരെന്താണ്? നിങ്ങളുടെ പേര് ഒരു തീവ്രവാദിയുടേത് പോലുണ്ട്. നിങ്ങള്‍ പാകിസ്ഥാന്‍ ചാരനുമായിരിക്കാം. രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ ജിലേബി പോലെയാണ്, അത് വളഞ്ഞ് വളഞ്ഞ് ആരംഭിച്ചിടത്ത് തുടങ്ങുന്നു. ജനാധിപത്യം സാധാരണക്കാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. നിങ്ങള്‍ രാജ്യത്തെ വിവിധ മതങ്ങളെ അസ്വസ്ഥരാക്കാന്‍ പോവുകയാണ്” തുടങ്ങിയ മുന്നറിയിപ്പുകളാണ് ഇവര്‍ ഹസന് നല്‍കുന്നത്.

“മോദി അധികാരത്തില്‍ വന്നതിനു പിന്നാലെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ അരക്ഷിതരായിത്തീര്‍ന്നു. മതദേശീയത, പ്രത്യേകിച്ച് ഹിന്ദു ദേശീയും, ഇന്ത്യ ഒരു ഹിന്ദു രാജ്യമാണെന്നുമുള്ള ആശയത്തിന് കൂടുതല്‍ പ്രചാരം ലഭിച്ചു”- എന്ന ലഘുവായ ആമുഖത്തോടെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് ഹസന്‍ പറഞ്ഞു തുടങ്ങുന്നത്.

യോഗി ആദിത്യനാഥ്, ശശി തരൂര്‍, ആര്‍.എസ്.എസ്, എം.എസ് ഗോല്‍വാക്കര്‍, നരേന്ദ്ര മോദി, തുടങ്ങി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖരായ എല്ലാവരേയും ഹസന്‍ തന്റെ പരിപാടിയില്‍ ചര്‍ച്ചാ വിഷയമാക്കുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഹസന്റെ വീഡിയോ ബി.ജെ.പി അണികള്‍ക്ക്, പ്രത്യേകിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ ആരാധകര്‍ക്ക് ഒട്ടും തന്നെ ദഹിക്കാന്‍ സാധ്യതയില്ല. യോഗിയെക്കുറിച്ച് ” ഏറ്റവും ഭയാനകരമായത് എന്തെന്നാല്‍, അയാള്‍ തോക്കേന്തിയ സന്ന്യാസിയാണ്” എന്നാണ് പറയുന്നത്.

പാട്രിയറ്റ് ആക്ടിലെ പുതിയ എപ്പിസാേഡിന് വേണ്ടി താന്‍ ശശി തരൂറുമായി മാത്രം അഭിമുഖം നടത്തിയത് കോണ്‍ഗ്രസ് അനുഭാവിയായത് കൊണ്ടല്ല, മറിച്ച് ബി.ജെ.പിക്കാര്‍ ആരും തനിക്ക് അഭിമുഖം അനുവദിക്കാത്തത് കൊണ്ടാണെന്ന് ഹസന്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറി ഒരു വാര്‍ത്താ സമ്മേളനം പോലും നടത്തിയില്ലെന്ന് ഹസന്‍ ചൂണ്ടിക്കാട്ടുന്നു. “അദ്ദേഹം എല്ലാ സമയത്തും പ്രസംഗിക്കും. എന്നാല്‍ അധികാരത്തിലേറിയതിന് ശേഷം ഒരു പത്രസമ്മേളനം പോലും നടത്താത്ത ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഒരു തരത്തില്‍ പറഞ്ഞതാല്‍ തന്നെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അദ്ദേഹത്തിന് ഒരിക്കലും നേരിടേണ്ടി വരില്ല. ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിട്ട് കമന്‍ ചെയ്യുന്നതില്‍ നിന്നും ആളുകളെ വിലക്കുന്നത് പോലുള്ള ഒരു ഏര്‍പ്പാടാണത്”- ഹസന്‍ പറയുന്നു.

എല്ലാവരേയും കെട്ടിപ്പിടിക്കുന്ന, കെട്ടിപ്പിടുത്തം എന്ന പ്രവര്‍ത്തിയെ ഏറെ ഇഷ്ടപ്പെടുന്ന മോദിക്ക് ഇഷ്ടപ്പെടാതെ പോയ രാഹുല്‍ ഗാന്ധിയുടെ കെട്ടിപ്പിടിത്തത്തെയും ഹസന്‍ പരാമര്‍ശിക്കുന്നുണ്ട്.

നോട്ടുനിരോധനം, ദേശീയ പൗരത്വ പട്ടിക, ഇന്ത്യ പാക് സംഘര്‍ഷം, തൊഴിലില്ലായ്മ തുടങ്ങിയ എല്ലാത്തിനെക്കുറിച്ചും ഹസന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന സൗദി പൗരന്‍ ജമാല്‍ ഖഷോഗ്ജി വധവുമായി ഹസന്‍ പുറത്തിറക്കിയ പാട്രിയോട് ആക്ടിന്റെ എപിസോഡ് സൗദി അറേബ്യയില്‍ നിരോധിച്ചിരുന്നു. സാധ്യതകളെക്കുറിച്ച് ഓര്‍പ്പിച്ചെന്നു മാത്രം.

Latest Stories

We use cookies to give you the best possible experience. Learn more