| Tuesday, 25th August 2020, 10:42 am

'സ്‌ക്രീനില്‍ കാണിച്ച പുരോഗമന കാഴ്ച്ചപ്പാട് അവര്‍ യഥാര്‍ത്ഥത്തില്‍ കാണിച്ചിരുന്നെങ്കില്‍'; ഹസന്‍ മിന്‍ഹാജിന്റെ പാട്രിയേട് ആക്ടിനെതിരെ പ്രൊഡ്യൂസര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ ഹസന്‍ മിന്‍ഹാജിന്റെ പ്രശ്‌സ്ത നെറ്റ്ഫ്‌ളിക്‌സ് ഷോയായ പാട്രിയേട് ആക്ടിനെതിരെ ആരോപണവുമായി ഷോയുടെ പ്രൊഡ്യൂസര്‍മാരിലൊരാള്‍. നുര്‍ ഇബ്രാഹിം നസ്‌റീന്‍ എന്ന വനിതാ പ്രൊഡ്യൂസറാണ് ഷോയ്‌ക്കെതിരെ രംഗത്തു വന്നിരിക്കുന്നത്.

ഷോയുടെ പ്രൊഡ്യൂസറായിരുന്ന സമയത്ത് താന്‍ ചിത്രീകരണത്തിനിടെ അപമാനിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്‌തെന്നാണ് നുര്‍ നസ്‌റീന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സ്‌ക്രീനില്‍ കാണിച്ച പുരോഗമന കാഴ്ചപ്പാടുകള്‍ അവര്‍ യഥാര്‍ത്ഥത്തില്‍ കാണിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു എന്നാണ് നുര്‍ നസ്‌റീന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ഒരുപാട് പേര്‍ എന്നോട് പാട്രിയേട് ആക്ടിനെക്കുറിച്ച് സംസാരിക്കാന്‍ പറയുന്നു. ഞാനത് അവഗണിക്കുകയായിരുന്നു, കാരണം ഓരോ തവണയും അപമാനിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ഉന്നം വെക്കപ്പെടുകയും ചെയ്തത് ഞാനോര്‍മിക്കുന്നു. വിഷാദത്തിന്റെ ദിവസങ്ങളിലേക്ക് ഞാന്‍ വീണ്ടും മുങ്ങുന്നു. ഇത് ട്വീറ്റ് ചെയ്യുന്നതു എന്നെയോ കഷ്ടതകള്‍ അനുഭവിച്ചവരെയോ സഹായിക്കില്ല,’ നുര്‍ നസ്‌റീന്‍ ട്വീറ്റ് ചെയ്തു.

‘സ്‌ക്രീനില്‍ കാണിച്ച പുരമോഗന കാഴ്ചപ്പാട് സ്‌ക്രീനില്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് ഞാനാഗ്രിക്കുന്നു. അപ്പോഴാണ് അവര്‍ നിങ്ങളുടെയെല്ലാം സ്‌നേഹത്തിന് യഥാര്‍ത്ഥത്തില്‍ അര്‍ഹരാവുക,’ നുര്‍ നസ്‌റീന്റെ ട്വീറ്റില്‍ പറയുന്നു.

നെറ്റ്ഫ്‌ളിക്‌സില്‍ വമ്പന്‍ ഹിറ്റായ പാട്രിയേട് ആക്ട് ഷോ അവസാനിച്ചതിനു പിന്നാലെയാണ് ഇവരുടെ പ്രതികരണം. ആഗസ്റ്റ് 18 നാണ് പാട്രിയേട് ആക്ട് അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വന്നത്.

ഷോയുടെ ഏഴാം സീസണ്‍ ആരംഭിക്കുമെന്ന് വിചാരിച്ചിരിക്കെയാണ് പ്രോഗ്രാം അവസാനിച്ചതായി ഹസന്‍ മിന്‍ഹാജ് അറിയിച്ചത്. ഷോയുടെ പുതിയ സീസണ്‍ ആരംഭിക്കണമെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നുണ്ട്.

പാട്രിയോട് ആക്ടിന്റെതായി 2018 ഒക്ടോബര്‍ മുതല്‍ 2020 ജൂണ്‍ വരെ ആറ് സീസണുകളിലായി 39 എപിസോഡുകളാണ് ഇത് വരെ പുറത്തിറങ്ങിയത്. എമ്മി പുരസ്‌കാരം അടക്കം നിരവധി അംഗീകരങ്ങള്‍ ഷോയ്ക്ക് ലഭിച്ചിരുന്നു.

നേരത്തെ ഹസനെതിരെയും നെറ്റ്ഫ്ളിക്സിനെതിരെയും സംഘപരിവാര്‍ അനുകൂലികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.പൗരത്വ പട്ടികയും പൗരത്വഭേദഗതി നിയമവുമടക്കം നിരവധി കാര്യങ്ങളില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

ഇന്ത്യയിലെ കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനെയും കശ്മീരിലെ സൈന്യത്തിനെയും ആക്ഷേപ ഹാസ്യ രൂപത്തില്‍ ഹസന്‍ മിന്‍ഹാജ് അവതരിപ്പിച്ചതും സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചിരുന്നു.

#BoycottNetflix എന്ന ഹാഷ്ടാഗില്‍ ഹസനും നെറ്റ്ഫ്‌ളിക്‌സിനുമെതിരെ ക്യാംപെയ്‌നും സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നു. ‘ഇന്ത്യന്‍ ഇലക്ഷന്‍സ് പാട്രിയോട് ആക്ട് വിത്ത് ഹസന്‍ മിന്‍ഹാജ്’ എന്ന വീഡിയോയാണ് അന്ന് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more