ലോകത്തിലെ ഏറ്റവും മികച്ചതും ലാഭകരവുമായ ക്രിക്കറ്റ് ലീഗാണ് ഐ.പി.എല്‍. വിദേശ താരങ്ങളെയും വിദേശ ഫ്രാഞ്ചസി കളെയെല്ലാം വളരെയധികം ആകര്‍ഷിക്കുന്ന ക്രിക്കറ്റ് മാമാങ്കമാണിത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് പാകിസ്ഥാന്‍ പേസര്‍ ഹസന്‍ അലി.
എല്ലാ താരങ്ങളും ഐ.പി.എല്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഭാവിയില്‍ ഒരു അവസരം കിട്ടിയാല്‍ ഐ.പി.എല്ലിന്റെ ഭാഗമാവാന്‍ തയ്യാറാണെന്നുമാണ് ഹസന്‍ അലി പറഞ്ഞത്.
‘എല്ലാ താരങ്ങളും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കളിക്കാന്‍ ആഗ്രഹിക്കുന്നു. ഞാനും ഐ.പി.എല്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇത് ലോകത്തിലെ ഏറ്റവും വലിയ ലീഗുകളിലൊന്നാണ്. ഭാവിയില്‍ ഐ.പി.എല്ലില്‍ കളിക്കാന്‍ ഒരു അവസരം കിട്ടിയാല്‍ ഞാന്‍ കളിക്കും,’ ഹസന്‍ അലി സമ ലോഞ്ചില്‍ പറഞ്ഞു.
2009ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഐ.പി.എല്‍ കളിക്കുന്നത് നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരുന്നു. എന്നാല്‍ ഐ.പി. എല്ലിന്റെ ആദ്യ സീസണില്‍ പാകിസ്ഥാന്‍ ടീമിലെ സൂപ്പര്‍ താരങ്ങളെല്ലാം കളിച്ചിരുന്നു. ഷാഹിദ് അഫ്രീദി, ഷൊയ്ബ് മാലിക്, ഷോയിബ് അക്തര്‍, കമ്രാന്‍ അക്മല്‍, സൊഹൈല്‍ തന്‍വീര്‍ എന്നീ താരങ്ങളെല്ലാം 2008 സീസണില്‍ വ്യത്യസ്ത ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.
പാകിസ്ഥാന് വേണ്ടി 2016ലാണ് ഹസന്‍ അലി ടി-20യില്‍ അരങ്ങേറിയത്. 50 മത്സരങ്ങളില്‍ നിന്നും 60 വിക്കറ്റുകളാണ് ഹസന്‍ അലി നേടിയിട്ടുള്ളത്. 8.35 ആണ് താരത്തിന്റ ഇക്കോണമി.
അതേസമയം 2008ലാണ് ഐ.പി.എല്‍ ആരംഭിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വിജയകരമായി പതിനാറാം സീസണ്‍ വരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ഐ.പി.എല്ലില്‍ നിക്ഷേപം നടത്താന്‍ സൗദിയില്‍ നിന്നും വമ്പന്‍ ഓഫറുകള്‍ വന്നിരുന്നു.
Content Highlight: Hasan Ali talks he wish to play IPL.