Sports News
ആ സയമത്ത് അവരെന്താ ഇന്ത്യയ്ക്ക് വേണ്ടിയാണോ കളിക്കുക? പാക് യുവതാരത്തിന് VVIP പരിഗണന നല്‍കുന്നതിനെതിരെ ഹസന്‍ അലി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 18, 01:41 pm
Tuesday, 18th February 2025, 7:11 pm

യുവതാരം സയീം അയ്യൂബിന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രത്യേക പരിഗണന നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി പാക് സൂപ്പര്‍ പേസര്‍ ഹസന്‍ അലി. പരിക്ക് കാരണം ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്തായ സയീം അയ്യൂബിന് മറ്റ് താരങ്ങള്‍ക്കൊന്നും നല്‍കാത്ത പ്രത്യേക പരിഗണന നല്‍കുന്നുവെന്നാണ് ഹസന്‍ അലിയുടെ ആരോപണം.

നേരത്തെ തനിക്ക് പരിക്കേറ്റപ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും ഒരു തരത്തിലുള്ള പരിഗണനയും ലഭിച്ചില്ലെന്നും അള്‍ട്രാ എഡ്ജ് പോഡ്കാസ്റ്റില്‍ ഹസന്‍ അലി പറഞ്ഞു.

ഹസന്‍ അലി

 

‘സയീം അയ്യൂബിന് പരിക്കേറ്റിരിക്കുകയാണ്. അവന്‍ നിങ്ങളുടെ ടീമിലെ താരമാണ്. 2020ല്‍ ഞാനും നിങ്ങളുടെ ടീമിലെ താരം തന്നെയായിരുന്നില്ലേ? മറ്റേതെങ്കിലും താരത്തിന് പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ അപ്പോഴും അവന്‍ നിങ്ങളുടെ തന്നെ താരമായിരിക്കില്ലേ? അല്ലാതെ അവന്‍ ഇന്ത്യയുടെ പ്ലെയറാകുമോ,’ ഹസന്‍ അലി ചോദിച്ചു.

‘നിങ്ങള്‍ (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) സയീം അയ്യൂബിന് വി.വി.ഐ.പി പരിഗണന നല്‍കുകയാണ്. ഭാവിയില്‍ മറ്റേതെങ്കിലും താരത്തിന് പരിക്കേറ്റാല്‍ നിങ്ങള്‍ ഇതേ പരിഗണന അവന് നല്‍കുമോ? ഒരിക്കലുമില്ല. നിങ്ങളങ്ങനെ ചെയ്യില്ല. അപ്പോള്‍ നിങ്ങളെന്താണ് ഇവിടെ ചെയ്തിരിക്കുന്നത്,’ 2017 ചാമ്പ്യന്‍സ് ട്രോഫിയിലെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരം കൂടിയായ ഹസന്‍ അലി ചോദിച്ചു.

സയീം അയ്യൂബ് വേഗത്തില്‍ പരിക്കില്‍ നിന്നും മുക്തനായി മടങ്ങി വരട്ടെ എന്ന് ആശംസിച്ച ഹസന്‍ അലി, ഭാവിയില്‍ താരത്തിന് പരിക്കേറ്റാല്‍ ഇത്തരമൊരു പരിഗണന ലഭിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

‘ദൈവം അവന് വളരെ പെട്ടന്ന് തന്നെ ആരോഗ്യം തിരികെ നല്‍കട്ടെ, അവന്‍ പാകിസ്ഥാന് വേണ്ടി ഒരുപാട് മത്സരങ്ങള്‍ വിജയിക്കട്ടെ. പക്ഷേ എല്ലാ ഉയര്‍ച്ചക്കും ഒരു താഴ്ചയുണ്ട്. ഒരുപക്ഷേ സയീം അയ്യൂബിന് വീണ്ടും പരിക്കേല്‍ക്കുകയാണെങ്കില്‍ അവന് ഇതേ പരിഗണന അവര്‍ വീണ്ടും നല്‍കുമോ? ഒരിക്കലുമില്ല,’ ഹസന്‍ അലി പറഞ്ഞു.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തിയതോടെ പാകിസ്ഥാന്റെ ഭാവിയെന്ന് വിശേഷിപ്പിക്കപ്പെട്ട താരമാണ് സയീം അയ്യൂബ്. കഴിഞ്ഞ മാസം നടന്ന പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനിടെയാണ് അയ്യൂബിന് പരിക്കേല്‍ക്കുന്നത്. റിയാന്‍ റിക്കല്‍ട്ടണിന്റെ ഷോട്ട് ചെയ്‌സ് ചെയ്ത് പിന്നാലെയോടിയ താരത്തിന്റെ കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു.

പത്ത് ആഴ്ചയോളം താരത്തിന് വിശ്രമം ആവശ്യമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

 

അതേസമയം, ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്‍ തങ്ങളുടെ ആദ്യ മത്സരത്തിനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ്. കറാച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെയാണ് ആതിഥേയരും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുമായ പാകിസ്ഥാന് നേരിടാനുള്ളത്.

പാകിസ്ഥാന്‍ സ്‌ക്വാഡ്

ബാബര്‍ അസം, ഫഖര്‍ സമാന്‍, സൗദ് ഷക്കീല്‍, തയ്യിബ് താഹിര്‍, ഫഹീം അഷ്റഫ്, കമ്രാന്‍ ഗുലാം, ഖുഷ്ദില്‍ ഷാ, സല്‍മാന്‍ അലി ആഘ, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), അബ്രാര്‍ അഹമ്മദ്, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നെയ്ന്‍, നസീം ഷാ, ഷഹീന്‍ ഷാ അഫ്രിദി.

 

Content highlight: Hasan Ali criticize Pakistan Cricket Board for giving VVIP treatment to Saim Ayub