| Wednesday, 29th May 2019, 3:14 pm

വന്‍കുടലിന് ക്യാന്‍സര്‍; ചികിത്സയ്ക്ക് ലണ്ടനില്‍ പോകാന്‍ അനുവദിക്കണമെന്ന് കോടതിയോട് റോബര്‍ട്ട് വദ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വന്‍കുടലിന് ബാധിച്ച ക്യാന്‍സര്‍ ചികിത്സയ്ക്കാനായി ലണ്ടനില്‍ പോകാന്‍ അനുവദിക്കണമെന്ന് കോടതിയോട് റോബര്‍ട്ട് വദ്ര. വിദേശത്തേക്ക് പോകാന്‍ അനുവാദം നല്‍കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റിനോടും വദ്ര നേരത്തെ അപേക്ഷിച്ചിരുന്നു. ഇത് സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വദ്ര കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മെച്ചപ്പെട്ട രോഗനിര്‍ണയത്തിനും തുടര്‍ച്ചികത്സയ്ക്കുമായി ലണ്ടനില്‍ പോകാന്‍ തന്റെ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന് വദ്ര കോടതിയോടാവശ്യപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്തു.. എന്നാല്‍ വദ്രയുടെ യാത്രാനുമതിയുമായി ബന്ധപ്പെട്ട വിധി ജൂണ്‍ 3ലേക്ക് ദല്‍ഹി കോടതി മാറ്റി വെച്ചു.

ദല്‍ഹിയിലെ ഗംഗ്രാം ഹോസ്പിറ്റലില്‍ നിന്നുള്ള സാക്ഷ്യപത്രമാണ് വദ്ര കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സി.ബി.ഐ പ്രത്യേക കോടതിയിലാണ് വദ്രയുടെ അഭിഭാഷകന്‍ പ്രസ്തുത സാക്ഷ്യപത്രം സമര്‍പ്പിച്ചത്.

അന്വേഷണവുമായി വദ്ര പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും, ലണ്ടനിലായിരുന്ന വദ്ര സി.ബി.ഐ വിളിപ്പിക്കാതെ തന്നെ തിരിച്ച് രാജ്യത്തേക്ക് വന്നിരുന്നതായും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ മെയ് 13ന് ആശുപത്രിയില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ് എന്തു കൊണ്ട് ഇതു വരെ സമര്‍പ്പിച്ചില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചോദിച്ചു.

അനധികൃത ഭൂമിയിടപാടുകള്‍ ഉള്‍പ്പെടെയുള്ള കേസുകളാണ് വദ്രയ്‌ക്കെതിരെ നിലവിലുള്ളത്. ലണ്ടനിലെ ബ്രിയാന്‍സ്റ്റണ്‍ സ്‌ക്വയറിലെ പതിനേഴ് കോടി രൂപ വില വരുന്ന വസ്തുവകകള്‍ വാങ്ങാനായി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിലും വദ്രയ്‌ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. നിലവില്‍ വിചാരണക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിലാണ് റോബര്‍ട്ട് വദ്ര.

അതേസമയം, റോബര്‍ട്ട് വദ്രയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒന്‍പതാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വദ്രയെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more