ജിദ്ദ: യമനില്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ അടുത്തയാഴ്ച തുടക്കമാകുമെന്ന് റിപ്പോര്‍ട്ട്. യുദ്ധം അവസാനിപ്പിക്കാന്‍ സമയമായെന്നും സമാധാന ചര്‍ച്ചയെ പിന്തുണയ്ക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലാകും സമാധാന യോഗം.
മനുഷ്യ വംശനാശത്തിന്റെ വക്കിലുള്ള യമനില്‍ യുദ്ധം അവസാനിപ്പിക്കാറായെന്ന് അമേരിക്കന്‍ പ്രതിരോധകാര്യ സെക്രട്ടറി കഴിഞ്ഞാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ഓഫീസാണ് സമാധാനചര്‍ച്ചയ്ക്ക് പങ്കാളിയാവാനുള്ള അഭ്യര്‍ഥന യുദ്ധത്തില്‍ ഭാഗമായിട്ടുള്ളവര്‍ക്ക് കൈമാറിയത്.
അമേരിക്ക പിന്തുണയ്ക്കുന്ന അറബ് സഖ്യസേന, യമന്‍ സൈന്യം, ഹൂതികള്‍, ഇതര വിമത വിഭാഗങ്ങള്‍, എന്നിവരാണ് യുദ്ധത്തിലെ പങ്കാളികള്‍. ചര്‍ച്ചകള്‍ക്കായി യു.എന്‍ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്ത് അടുത്തയാഴ്ച യമനിലെത്തും.
യുദ്ധം അവസാനിപ്പിക്കണമെന്ന് യു.എന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലോകം കണ്ടതില്‍ ഏറ്റവും വലിയ മനുഷ്യ ഉന്‍മൂലനമാണ് യമനില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്.
അതിനിടെ ഹുദൈദ തുറമുഖം മോചിപ്പിക്കാനുള്ള യമന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ മരിച്ച ഹൂതികളുടെ എണ്ണം 60 കവിഞ്ഞു. സഖ്യ സേനയുടെ ആക്രമണം ഇപ്പോഴും തുടരുകയാണ്.
വലിയൊരു ദുരന്തം മുന്‍പില്‍ ഉള്ളതിനാല്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കാനാണ് തിരുമാനമെന്ന് സഖ്യസേന വക്തവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.
ആഭ്യന്തര യുദ്ധം ശക്തമായതോടെ യമന്‍ കടുത്ത പട്ടിണിയിലാണ്. ദിവസേന നൂറിലധികം കുട്ടികളാണ് മരിക്കുന്നത്. യമനില്‍ 42 ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നു. ആഹാര സാധനങ്ങളുടെ ദൗര്‍ലഭ്യം മൂലം ഇലകള്‍ വേവിച്ചാണ് ആഹാരമാക്കുന്നത്. 21-ാം നൂറ്റാണ്ട് കണ്ട് ഏറ്റവും വലിയ മനുഷ്യക്കുരുതിയാണ് യമനില്‍ നടക്കുന്നത്.