| Sunday, 21st January 2024, 3:45 pm

മണിപ്പൂരിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി; സന്ദർശനത്തിന് സമയം കിട്ടിയിട്ടുണ്ടാകില്ലായെന്ന് പരിഹസിച്ച് കോൺഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മണിപ്പൂരിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ്.

‘സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആശംസ അറിയിക്കാനെ പ്രധാനമന്ത്രിക്ക് കഴിയൂ. കഴിഞ്ഞ വർഷം കലാപം മൂലം ഏറ്റവും കൂടുതൽ വേദന അനുഭവിച്ചവരാണ് മണിപ്പൂർ ജനത. അവരെ സന്ദർശിക്കേണ്ടത് അത്യാവശ്യമാണ് എന്ന് തോന്നാത്തത് കൊണ്ടാകണം അവരെ കാണാൻ അദ്ദേഹത്തിന് സമയം കിട്ടാഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പ്രകടിപ്പിച്ച ആശംസകൾ അദ്ദേഹത്തിന്റെ കാപട്യം തുറന്ന് കാണിക്കുന്നു.’ പരിഹസിച്ച് കൊണ്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

സംസ്ഥാനത്ത് അക്രമം നിലനിൽക്കുന്നുണ്ടെന്നും സാമൂഹിക സൗഹാർദം തകർന്നെന്നും പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെയും പ്രതിപക്ഷ പാർട്ടികളെയും കാണാൻ വിസമ്മതിക്കുന്നുവെന്നും ആരോപിച്ചു.

‘മണിപ്പൂരിന്റെ സംസ്ഥാന രൂപീകരണ ദിനത്തിൽ, സംസ്ഥാനത്തെ ജനങ്ങൾക്ക് എന്റെ ആശംസകൾ. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ ശക്തമായ സംഭാവന നൽകിയിട്ടുണ്ട്’ എന്ന് എക്‌സിലൂടെ മോദി പറഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ ആക്രമണം.

പട്ടികവർഗ (എസ്‌.ടി) പദവിക്കായുള്ള മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ മലയോര ജില്ലകളിൽ സംഘടിപ്പിച്ച ‘ആദിവാസി ഐക്യദാർഢ്യ മാർച്ചിന്’ ശേഷമാണ് 180-ലധികം പേർ കൊല്ലപ്പെട്ട കലാപം മണിപ്പൂരിൽ ആരംഭിച്ചത്. ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കുന്ന മണിപ്പൂർ ശാന്തമായിട്ടില്ല. ഇതുവരെ പ്രധാനമന്ത്രി കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചിട്ടില്ല.

Content Highlight: Has not found time to visit Manipur: Cong slams PM after his statehood day wishes

Latest Stories

We use cookies to give you the best possible experience. Learn more