സൗരവ് ഗാംഗുലിയെന്ന ‘ദാദ’യെ ബി.സി.സി.ഐ പ്രസിഡന്റായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മാത്രം ക്രിക്കറ്റ് ലോകവും മാധ്യമങ്ങളും മുഴുകിയിരുന്നപ്പോള്‍, ബംഗാളിലെ രാഷ്ട്രീയ വൃത്തങ്ങള്‍ ആശങ്കയോടെയും പ്രതീക്ഷയോടെയുമാണ് അതിനെ എതിരേറ്റത്. അവര്‍ക്കു കൃത്യമായി അറിയാം, വരുംദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കാന്‍ ശേഷിയുള്ള ഒരു പ്രഖ്യാപനത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന്.
ഗാംഗുലിയുടെ പുതിയ വേഷത്തില്‍ ഏറെ ആശങ്കാകുലരാകുന്നത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണ്. ഒരുകാലത്ത് ‘ദാദ Vs ദീദി’ എന്നു ബംഗാളില്‍ മുഴുവന്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം വീണ്ടും സജീവമാകാന്‍ പോകുന്നുവെന്ന യാഥാര്‍ഥ്യമാണ് അവരെ ആശങ്കപ്പെടുത്തുന്നത്.
മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിക്ക് ഒരെതിരാളിയെന്ന നിലയില്‍ കാലങ്ങളായി ബി.ജെ.പി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച് പരാജയപ്പെട്ട തന്ത്രത്തിന്റെ ആദ്യഘട്ട വിജയമായിരുന്നു ഇന്നലെ ദല്‍ഹിയിലെ ബി.സി.സി.ഐ ആസ്ഥാനത്ത് കൊണ്ടാടിയത്.
ഇതുപക്ഷേ കുറച്ചധികം പേര്‍ക്കെങ്കിലും ഒരു ഞെട്ടലുണ്ടാക്കുന്നതാണ്. കാരണം, 48 മണിക്കൂറുകള്‍ക്കു മുന്‍പു വരെ സൗരവ് ഗാംഗുലിയെന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ബംഗാള്‍ രാഷ്ട്രീയം ഉള്‍ക്കൊണ്ടത് ഒരു തൃണമൂല്‍ അനുഭാവിയെന്ന നിലയില്‍ മാത്രമാണ്.
ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്കു രണ്ടാഴ്ച മുന്‍പ് ഗാംഗുലിയെ മമത പിന്തുണച്ചതും അതിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ്. ഇത് ഊട്ടിയുറപ്പിക്കുന്ന വിധത്തില്‍ പലതവണകളായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി നേതാക്കളുടെയും അഭ്യര്‍ഥനകള്‍ തള്ളിക്കൊണ്ട് ബി.ജെ.പിയിലേക്കുള്ള പ്രവേശനം ഗാംഗുലി വേണ്ടെന്നു വെച്ചിരുന്നു.
പക്ഷേ എല്ലാം ശനിയാഴ്ച ഒറ്റ രാത്രി കൊണ്ട് മാറിമറിയുകയായിരുന്നു. ആ രാത്രിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയാധ്യക്ഷനുമായ അമിത് ഷായുടെ ദല്‍ഹിയിലെ വസതിയില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടന്നത്. ബി.സി.സി.ഐ ഭാരവാഹികള്‍, അമിത് ഷായുടെ മകന്‍ ജയ് ഷാ, അസം രാഷ്ട്രീയത്തിലെ അതികായന്‍ ഹിമാന്ത ബിശ്വ ശര്‍മ എന്നിവരോടൊപ്പം ഗാംഗുലിയുടെ സാന്നിധ്യവും ആ യോഗത്തിലുണ്ടായിരുന്നു.
മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കൊപ്പം അസമും ഗാംഗുലിയെ പിന്തുണയ്ക്കാനുള്ള നിര്‍ണായക തീരുമാനം എടുക്കുന്നതുവരെ കൃഷ്ണമേനോന്‍ മാര്‍ഗിലെ ആ വീട്ടില്‍ യോഗം തുടര്‍ന്നു. മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേലിനെയും ദല്‍ഹി ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് രജത് ശര്‍മയെയും തള്ളിക്കൊണ്ടായിരുന്നു ഗാംഗുലിയുടെ സ്ഥാനാരോഹണത്തിനു വേണ്ടിയുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാരിലെ രണ്ടാമന്‍ തന്നെ നേരിട്ടു നടത്തിയത്.
ഗാംഗുലിയെ ബിസി.സി.ഐ പ്രസിഡന്റ് സ്ഥാനത്തെത്തിക്കാനും അതുവഴി ബി.ജെ.പിയോട് കൂറ് പുലര്‍ത്താന്‍ നിര്‍ബന്ധിതനാക്കുകയും ചെയ്ത സാഹചര്യം ഒരുക്കുന്നതില്‍ മുന്‍ ബി.സി.സി.ഐ പ്രസിഡന്റും ഇന്നത്തെ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ക്രിക്കറ്റ്, രാഷ്ട്രീയ വൃത്തങ്ങള്‍ ഒരുപോലെ വിശ്വസിക്കുന്നത്.
ഗാംഗുലിയുടെ സ്ഥാനാരോഹണത്തിനൊപ്പം അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ബി.സി.സി.ഐ സെക്രട്ടറി സ്ഥാനം, അനുരാഗ് താക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമലിന്റെ ട്രഷറര്‍ സ്ഥാനം എന്നിവയെല്ലാം ഇന്ത്യയിലെ ഏറ്റവും പണക്കൊഴുപ്പും സ്വാധീനശേഷിയുമുള്ള കായികമേഖലയെ കീശയ്ക്കുള്ളിലാക്കാന്‍ ബി.ജെ.പിക്കായി എന്നതിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളാണ്.
‘ബുദ്ധ ബാബുവിന്റെ മകന്‍’
ഗാംഗുലിയെ ഒരു ബിംബമായിക്കാണുന്നവരാണു ബംഗാളികള്‍. അതുകൊണ്ടുതന്നെ എല്ലാക്കാലത്തും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ‘നോട്ടപ്പുള്ളി’യായിരുന്നു ഈ ഇടംകൈയന്‍. രണ്ടായിരത്തിന്റെ ആദ്യ കാലങ്ങളില്‍ ഗാംഗുലിയെന്നത് അവര്‍ക്ക് അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ വിശ്വസ്തനായിരുന്നു. സ്വന്തം മകനെപ്പോലെയാണ് ബുദ്ധദേബ് ഗാംഗുലിയോട് പെരുമാറിയിരുന്നതെന്ന് ബംഗാളി പത്രങ്ങള്‍ എത്രയോ തവണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ബംഗാള്‍ രാഷ്ട്രീയത്തിലേക്കു ഗാംഗുലി നടന്നടുക്കുന്നു എന്നുവരെ സംസാരമുണ്ടായി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ 2006-ല്‍ എല്ലാം മാറിമറിഞ്ഞു. ബുദ്ധദേബിന്റെ അടുത്തയാളായിരുന്ന ജഗ്മോഹന്‍ ഡാല്‍മിയയുമായി ഗാംഗുലി തെറ്റുന്നത് അക്കാലത്താണ്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. ഡാല്‍മിയയുടെ എതിര്‍സ്ഥാനാര്‍ഥിയെ പിന്തുണച്ചുകൊണ്ടും അന്നത്തെ ഇന്ത്യന്‍ ടീം പരിശീലകന്‍ ഗ്രെഗ് ചാപ്പലിനെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചുകൊണ്ടും ഗാംഗുലി അയച്ച ഒരു ഇ-മെയില്‍ ചോര്‍ന്നപ്പോഴാണ് ഈ പ്രശ്‌നങ്ങളൊക്കെയും പുറംലോകം അറിഞ്ഞത്.
ഗാംഗുലിയുടെ ഫോമില്ലായ്മയെക്കുറിച്ച് ചാപ്പല്‍ അന്നത്തെ ബി.സി.സി.ഐ പ്രസിഡന്റ് രണ്‍ബീര്‍ സിങ് മഹേന്ദ്രയ്ക്ക് അയച്ച മെയിലിനെക്കുറിച്ചാണ് അതില്‍ സംസാരിക്കുന്നത്. ഈ മെയില്‍ ഡാല്‍മിയയാണ് പുറത്തുവിട്ടതെന്ന ആരോപണമാണ് തുടര്‍ന്ന് ഗാംഗുലി ഉന്നയിച്ചത്. എന്നാല്‍ ഡാല്‍മിയ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. പിന്നീട് ഈ ആരോപണം ഗാംഗുലി തന്നെ തിരുത്തിയിരുന്നു.
അതിനിടെ ഇടതുസര്‍ക്കാര്‍ സംഘടിപ്പിച്ച പല പരിപാടികളിലും ഗാംഗുലിയെ കാണാന്‍ സാധിച്ചു. 2008-ല്‍ സിംഗൂരില്‍ നാനോ ഫാക്ടറി തുടങ്ങാന്‍ രത്തന്‍ ടാറ്റയോട് ആവശ്യപ്പെടാനും ഗാംഗുലി തയ്യാറായി. ഒരു സ്‌കൂളിനു വേണ്ടി ഭൂമി അനുവദിച്ചതില്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണവും ഗാംഗുലിക്കെതിരെ അക്കാലത്തുണ്ടായി. 2011-ല്‍ സുപ്രീംകോടതി ഈ ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകളൊക്കെയും റദ്ദാക്കി.
തൃണമൂലിനും പ്രിയപ്പെട്ടവന്‍
2011-ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ പ്രൊമോ ചെയ്യാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗാംഗുലിയെ തെരഞ്ഞെടുത്തത് തൃണമൂലിനെ ചൊടിപ്പിച്ചിരുന്നു. സി.പി.ഐ.എമ്മിന്റെ ഭാഗമായ ഗാംഗുലി അവര്‍ക്കുവേണ്ടി പ്രചാരണം നടത്തട്ടെയെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ കമ്മീഷന്‍ അവരുടെ തീരുമാനവുമായി മുന്നോട്ടുപോയി. ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കു വേണ്ടിയും അത്തവണ പ്രചാരണത്തിനിറങ്ങില്ലെന്ന ഉറപ്പു വാങ്ങിയ ശേഷമായിരുന്നു അത്.
ആ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തെ തകര്‍ത്തായിരുന്നു തൃണമൂല്‍ അധികാരത്തില്‍ കയറിയത്. തെരഞ്ഞെടുപ്പുകാലത്ത് കാണിച്ച നീരസമൊന്നും അധികാരത്തിലേറിയ ശേഷം തൃണമൂല്‍ ഗാംഗുലിയോടു കാണിച്ചില്ല. 2013-ല്‍ തൃണമൂല്‍ സര്‍ക്കാര്‍ ഗാംഗുലിയെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിക്കുകയും സ്‌കൂളിനും ക്രിക്കറ്റ് അക്കാദമിക്കും വേണ്ടി രണ്ടേക്കര്‍ ഭൂമി നല്‍കുകയും ചെയ്തു. മമതയാണ് അത് ഉദ്ഘാടനം ചെയ്തതും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മമതയുമായി ഗാംഗുലിക്കുണ്ടായിരുന്ന അടുപ്പം വ്യക്തമാക്കുന്ന സംഭവമുണ്ടായത് 2015-ലാണ്. ഡാല്‍മിയയുടെ മരണശേഷം ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേക്ക് ഗാംഗുലിയെ എത്തിക്കാന്‍ മമത ഒറ്റയ്ക്കു മുന്നിട്ടിറങ്ങി. അസോസിയേഷനിലെ മുതിര്‍ന്ന ആളുകളെ ഒറ്റയടിക്ക് തള്ളിക്കളഞ്ഞാണ് ഗാംഗുലിക്ക് പ്രസിഡന്റ് കസേര മമത വാങ്ങിക്കൊടുത്തത്. അസോസിയേഷന്‍ നടത്തേണ്ടിയിരുന്ന വിജയപ്രഖ്യാപനം പോലും മമത സെക്രട്ടേറിയറ്റില്‍ നടത്തി.
ഒടുവില്‍ ബി.ജെ.പിയിലേക്ക്?
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിലാണ് ഗാംഗുലിയെ ബി.ജെ.പിയുമായി ചേര്‍ത്ത് അഭ്യൂഹങ്ങള്‍ വരാന്‍ തുടങ്ങിയത്. ബി.ജെ.പി നേതാക്കള്‍ ഗാംഗുലിയെ നിരന്തരമായി ചെന്നു കണ്ടിരുന്നു എന്നതുതന്നെ കാരണം. തനിക്ക് ബി.ജെ.പിയിലേക്കു ക്ഷണം ലഭിച്ചിരുന്നെന്നു വെളിപ്പെടുത്തിയ ഗാംഗുലി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നും അതിനാല്‍ ആ വാഗ്ദാനം നിരസിച്ചെന്നും വ്യക്തമാക്കുകയുണ്ടായി. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ബി.ജെ.പി ഇതേ വാഗ്ദാനം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2016-ല്‍ത്തന്നെ ബി.ജെ.പിക്കു പിറകെ തൃണമൂലും കോണ്‍ഗ്രസും സമാനമായ വാഗ്ദാനം നല്‍കിയെങ്കിലും ഗാംഗുലിക്ക് ഒരു തീരുമാനം മാത്രമേയുണ്ടായിരുന്നുള്ളൂ.
എന്നാല്‍ ഇത്തവണ അതില്‍നിന്നെല്ലാം വ്യത്യസ്തമായ സാഹചര്യമാണു നിലനില്‍ക്കുന്നത്. കേന്ദ്ര ഇടപെടലും, ജയ് ഷായുടെ സ്ഥാനാരോഹണവും ഒക്കെ ചേര്‍ത്തുവായിക്കുമ്പോള്‍ ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശം ഇത്തവണയും ഉണ്ടാവില്ലെന്ന് ഉറപ്പിച്ചുപറയാന്‍ ആരും തയ്യാറായേക്കില്ല. കേവലം 10 മാസം മാത്രമാണ് ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് ഗാംഗുലിക്ക് ഇരിക്കനാവുക. അതവസാനിക്കുമ്പോഴേക്കും ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പും ആസന്നമാകും. ഒരുപക്ഷേ ഒരു ദശാബ്ദത്തിലധികമായി ബംഗാള്‍ രാഷ്ട്രീയത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന മുദ്രാവാക്യത്തിന് ജീവന്‍ വെച്ചേക്കും, ‘ദാദ Vs ദീദി’.