|

വിദേശ നിക്ഷേപം സര്‍ക്കാറിന്റെ രാഷ്ട്രീയ ജാലകവിദ്യയാണോ എന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചില്ലറ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തില്‍ സുപ്രീം കോടതിക്ക് ആശങ്ക. രാജ്യത്തെ ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

ചില്ലറ മേഖലയിലെ വിദേശ നിക്ഷേപത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും നേട്ടമുണ്ടാക്കിയോ അതല്ലെങ്കില്‍ സര്‍ക്കാറിന് രാഷ്ട്രീയ ലാഭമുണ്ടായോ എന്നും കോടതി ചോദിച്ചു. വിദേശ നിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തില്‍ പൊതു താത്പര്യ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.[]

എല്‍. എം ലോഥ അധ്യക്ഷനായ  ബഞ്ചാണ് സര്‍ക്കാറിന്റെ നീക്കത്തില്‍ അതൃപ്തി അറിയിച്ചത്. വിദേശ നിക്ഷേപം കൊണ്ടു വരുമ്പോള്‍ നിക്ഷേപം ഉണ്ടാകുമോ എന്ന് എന്ത് ഉറപ്പാണ് ഉള്ളതെന്ന് കോടതി ചോദിച്ചു.  മൂന്നാഴ്ച്ചക്കകം മറുപടി നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

സര്‍ക്കാറിന് വേണ്ടി കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ പാര്‍ലമെന്റില്‍ കൃത്യമായ ചര്‍ച്ചക്ക് വിധേയമാക്കിയാണ് സര്‍ക്കാര്‍ ഈ നടപടിയുമായി മുന്നോട്ട് പോയതെന്നും കോടതിയെ അറിയിച്ചു.

ചെറുകിട വ്യാപാരികളെ സംരക്ഷിക്കാനുള്ള നടപടിയെടുത്ത് മൂന്ന് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം  ഡിസംബര്‍ മാസത്തിലാണ് ഘടകകക്ഷികളെ കൂട്ടു പിടിച്ച് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.

പ്രതിപക്ഷ ബഹളത്തിനിടയിലാണ് വിദേശ നിക്ഷേപത്തെ കുറിച്ചുള്ള ബില്‍ സര്‍ക്കാര്‍ പാസക്കിയത്. കൂടാതെ ഈ വിഷയത്തില്‍ യു. പി. എ സര്‍ക്കാറിനുള്ള പിന്തുണ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്‍വലിച്ചിരുന്നു.