| Wednesday, 30th September 2020, 2:12 pm

28 വര്‍ഷമായി നമ്മളെ വിഡ്ഢികളാക്കുകയായിരുന്നു; ബാബറി വിധിയില്‍ രഞ്ജിനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനക്ക് തെളിവില്ലെന്ന് പറഞ്ഞ് പ്രതികളെ വെറുതെ വിട്ട നടപടിയില്‍ പ്രതികരണവുമായി നടിയും അഭിഭാഷകയുമായ രഞ്ജിനി.

പ്രതീക്ഷിച്ച വിധിയാണെന്നും കഴിഞ്ഞ 28 വര്‍ഷമായി നമ്മളെ വിഡ്ഢികളാക്കുകയായിരുന്നെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു. വിധിയില്‍ നാണത്താല്‍ തലകുനിക്കുന്നുവെന്നും ഹാത്രാസ് ബലാത്സംഗത്തിലെ ഇരക്കെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിനി പ്രതികരിച്ചു.

നേരത്തെ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബുവും രംഗത്ത് എത്തിയിരുന്നു. ‘വിശ്വസിക്കുവിന്‍ ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല’എന്നായിരുന്നു ആഷിഖിന്റെ പ്രതികരണം.

പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നുമായിരുന്നു മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.

” അവിടെ പള്ളി ഉണ്ടായിട്ടേയില്ല.പുതിയ ഇന്ത്യയിലെ നീതി”, അദ്ദേഹം ട്വിറ്ററില്‍ എഴുതി.

28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.

കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം സി.ബി.ഐക്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തി.

ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.

Content Highlight:Has been fooling us for 28 years; Ranjini in the Babri verdict

Video Stories

We use cookies to give you the best possible experience. Learn more