മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ലൈംഗികമായി അധിക്ഷേപിച്ചു; ആരോപണവുമായി ഹരിയാനയിലെ ഐ.എ.എസ് ഓഫീസറായ യുവതി
national news
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ലൈംഗികമായി അധിക്ഷേപിച്ചു; ആരോപണവുമായി ഹരിയാനയിലെ ഐ.എ.എസ് ഓഫീസറായ യുവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th June 2018, 11:11 am

ന്യൂദല്‍ഹി: ഹരിയാനയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ ലൈംഗിക ആരോപണവുമായി ഹരിയാന കേഡറിലെ ഐ.എ.എസ് ഓഫീസറായ യുവതി.

ഔദ്യോഗിക ഫയലില്‍ ലൈംഗിക ചുവയുള്ള കാര്യങ്ങള്‍ എഴുതി നല്‍കിയും ഓഫീസില്‍ രാത്രി സമയങ്ങളില്‍ അനാവശ്യമായി ജോലി ചെയ്യിപ്പിച്ചും മറ്റും പീഡിപ്പിക്കുകയായിരുന്നെന്ന് 28 കാരിയായ യുവതി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

വിഷയത്തില്‍ ചണ്ഡീഗഡ് പൊലീസിന് ഇ-മെയില്‍ വഴി പരാതി നല്‍കിയതായി യുവതി പറഞ്ഞു. എന്നാല്‍ വിഷയത്തില്‍  ചീഫ് സെക്രട്ടറി ആര്‍.എസ് ദേശിയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും നിരവധി തവണ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നെന്നും ഉദ്യോഗസ്ഥ പറയുന്നു.


Also Read കഫീല്‍ ഖാന്റെ സഹോദരന്റെ ഓപ്പറേഷന്‍ പൊലീസ് മനപൂര്‍വം വൈകിപ്പിച്ചെന്ന് ബന്ധുക്കള്‍; ശരീരത്തില്‍ തറഞ്ഞ ബുള്ളറ്റുമായി ആശുപത്രിയില്‍ കിടന്നത് നാല് മണിക്കൂര്‍


രാത്രി ഏഴ് മണി മുതല്‍ എട്ട് മണി വരെ ഓഫീസില്‍ നില്‍ക്കാന്‍ അദ്ദേഹം നിര്‍ബന്ധിക്കും. അദ്ദേഹവുമായി അടുത്ത് ഇടപഴകണമെന്നാണ് ആവശ്യം. എനിക്ക് കൈമാറുന്ന ഫയലുകളില്‍ അനുകൂല തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം പറയുന്നതുപോലെ പെരുമാറാന്‍ എനിക്കാവില്ല. ഞാന്‍ അങ്ങനെ ചെയ്യാതിരുന്നപ്പോള്‍ എന്നെ ട്രാന്‍സ്ഫര്‍ ചെയ്യിക്കുമെന്നും എന്റെ ആനുവല്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഇല്ലാതാക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

“മെയ് 31 ന് അയാള്‍ എന്നെ അദ്ദേഹത്തിന്റെ മുറിയില്‍ തടഞ്ഞുനിര്‍ത്തി. മറ്റാരേയും മുറിയിലേക്ക് കടത്തിവിടരുതെന്ന് സ്റ്റാഫിന് നിര്‍ദേശവും നല്‍കി.

എനിക്ക് എന്ത് ജോലിയാണ് ചെയ്യാന്‍ താത്പര്യമെന്ന് അയാള്‍ ചോദിച്ചു. ഡിപാര്‍ട്‌മെന്റ് വര്‍ക്ക് വേണോ ടൈം പാസ് ജോലി വേണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയെപ്പോലെ പെരുമാറണമെന്നായിരുന്നു ആവശ്യം. തികച്ചും അധാര്‍മികമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. രാത്രി വൈകി വരെ അനാവശ്യമായി ഓഫീസില്‍ ഇരുത്തിക്കുകയും മറ്റും ചെയ്യുമായിരുന്നു. “-യുവതി പറയുന്നു.

എന്നാല്‍ ഈ ആരോപണം മുഴുവന്‍ നിഷേധിച്ചുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥന്‍ രംഗത്തെത്തി. ഏത് വിധേയനയുള്ള അന്വേഷണത്തിനും തയ്യാറാണെന്നും തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നുമാണ് ഇദ്ദേഹം പ്രതികരിച്ചത്.