എട്ട് മണിക്ക് ജനങ്ങള്‍ ഒന്നിച്ച് ദേശീയഗാനം ചൊല്ലണം; ഹരിയാനയിലെ ഗ്രാമത്തില്‍ ലക്ഷങ്ങള്‍ മുടക്കി ലൗഡ് സ്പീക്കറുകള്‍ സ്ഥാപിച്ച് ബി.ജെ.പി
National Anthm Contraversy
എട്ട് മണിക്ക് ജനങ്ങള്‍ ഒന്നിച്ച് ദേശീയഗാനം ചൊല്ലണം; ഹരിയാനയിലെ ഗ്രാമത്തില്‍ ലക്ഷങ്ങള്‍ മുടക്കി ലൗഡ് സ്പീക്കറുകള്‍ സ്ഥാപിച്ച് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th January 2018, 10:01 am

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ആളുകളെകൊണ്ട് എല്ലാം ദിവസവും രാവിലെ ദേശീയഗാനം ചൊല്ലിക്കാനായി ഗ്രാമപഞ്ചായത്ത് മുടക്കിയത് ലക്ഷങ്ങള്‍.

ജാട്ട് സ്വാധീനമേഖലയായ ബാനക്പൂരിലാണ് എല്ലാ ദിവസവും രാവിലെ 8 മണിക്ക് ദേശീയഗാനം ചൊല്ലാനായി ബി.ജെ.പി നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് 20 ലൗഡ് സ്പീക്കറുകള്‍ സ്ഥാപിച്ചത്. 5000 ഗ്രാമവാസികളാണ് ഇവിടെ താമസിക്കുന്നത്. ദേശീയ ഗാനം ചൊല്ലാനായി ഇത്രയും തുക ചിലവഴിച്ച് സംവിധാനങ്ങളൊരുക്കുന്ന ഹരിയാനയിലെ ആദ്യഗ്രാമമാണ് ഇത്.

വില്ലേജ് സര്‍പഞ്ചും ആര്‍.എസ്.എസ് സ്വയംസേവകും ആയ സച്ചിന്‍ മഡോദിയ ആണ് ഇത്തരമൊരു സംവിധാനം കൊണ്ടുവന്നത്. ലോക്കല്‍ ബി.എസ്.പി എം.എല്‍.എ തേക് ചന്ദ് ശര്‍മ, ഫരീദാബാദ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രതാപ് സിങ്, ആര്‍.എസ്.എസിന്റെ ഹരിയാന കോ കണ്‍വീനര്‍ ഗംഗ ശങ്കര്‍ തുടങ്ങിയവര്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

2.97 ലക്ഷം മുടക്കിയാണ് ലൗഡ്‌സ്പീക്കര്‍ സ്ഥാപിച്ചതെന്ന് ആര്‍.എസ്.എസ് സ്വയംസേവകും സര്‍പഞ്ചുമായ സച്ചിന്‍ പറുന്നു. ലൗഡ് സ്പീക്കര്‍ കണ്‍ട്രോള്‍ റൂം തന്റെ വസതിയില്‍ ഒരുക്കിയിട്ടുണ്ടെന്നുമാണ് ഇദ്ദേഹം പറയുന്നത്.

ഒരു ദിവസം രണ്ട് തവണയെങ്കിലും ദേശീയഗാനം ചൊല്ലണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആദ്യഘട്ടമെന്ന നിലയില്‍ ആളുകള്‍ ദിവസം ഒരു തവണ ഗാനം ആലപിക്കട്ടെയെന്നും ഇദ്ദേഹം പറയുന്നു. ആളുകളെ നിരീക്ഷിക്കാനായി 22 സിസി ടിവി ക്യാമറകളും ഗ്രാമത്തില്‍ സ്ഥാപിച്ചതായി ഇദ്ദേഹം പറയുന്നു.