സോണിപത്: ഹരിയാന സോനിപത് ജില്ലയിലെ ഇസൈപൂര്‍ഖേദി ഗ്രാമത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും ജീന്‍സ് ധരിക്കുന്നതും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും നിരോധിച്ചു. ഇസൈപൂര്‍ഖേദി പഞ്ചായത്ത് പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണ് പെണ്‍കുട്ടികള്‍ ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ ഒളിച്ചോടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു എന്ന് ആരോപിച്ചാണ് ജീന്‍സും മൊബൈല്‍ ഫോണും വിലക്കി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ നിയമം പ്രാവര്‍ത്തികമാക്കിയതു മുതല്‍ ഗ്രാമത്തിലെ സ്ഥിതികള്‍ മെച്ചപ്പെട്ടതായും ഗ്രാമത്തിലെ സര്‍പാഞ്ച് പ്രേം സിംഗ് അവകാശപ്പെട്ടു.
“ഞങ്ങളുടെ ഗ്രാമത്തില്‍ പെണ്‍കുട്ടികളെ ജീന്‍സ് ധരിക്കാന്‍ അനുവദിക്കില്ല. അവര്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെ മുന്‍നിര്‍ത്തി ഞങ്ങള്‍ അതും നിരോധിച്ചിട്ടുണ്ട്. ഈ രണ്ടു വസ്തുക്കളും അവരെ നശിപ്പിക്കുമെന്ന് ഞാന്‍ പറയുന്നില്ല, പക്ഷെ, അതവര്‍ക്ക് അനുയോജ്യമല്ല,” സിംഗ് പറഞ്ഞു.
അതേസമയം, ഈ ഉത്തരവ് “വിചിത്ര”മായതെന്നാണ് ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ പ്രതികരണം. “ഇത് തീര്‍ത്തും തെറ്റാണ്. പുരുഷന്മാരുടെ മാനസികാവസ്ഥയിലാണ് പ്രശ്‌നങ്ങളിരിക്കുന്നത്, ഞങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളിലല്ല. വസ്ത്രധാരണം നോക്കി അവര്‍ എങ്ങിനെയാണ് സ്ത്രീയുടെ വ്യക്തിത്വത്തെ അളക്കുന്നത്?”, പ്രദേശവാസികളിലൊരാള്‍ എ.എന്‍.ഐയോട് ചോദിച്ചു.
Watch DoolNews Video: