| Friday, 3rd November 2017, 8:46 am

രണ്ട് കോടിയും മൂന്നേക്കര്‍ സ്ഥലവും നല്‍കിയാല്‍ ജുനൈദിന്റെ കുടുംബം ഒത്തുതീര്‍പ്പിന് തയ്യാറെന്ന് സര്‍ക്കാര്‍; സമ്മര്‍ദ്ദത്തിലാക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമെന്ന് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിയാന: ജുനൈദിന്റെ കുടുംബം പ്രതികളുമായി ഒത്തുതീര്‍പ്പിന് തയ്യാറായെന്ന് ഹരിയാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2 കോടിരൂപയും 3 ഏക്കര്‍ സ്ഥലവും ജുനൈദിന്റെ കുടുംബം ആവശ്യപ്പെട്ടതായും സര്‍ക്കാര്‍. അതേ സമയം തങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് വേണ്ടിയുള്ള തന്ത്രമാണെന്നും ഒത്തുതീര്‍പ്പിന് തയ്യാറായെന്നത് കിംവദന്തി മാത്രമാണെന്നും കുടുംബം വ്യക്തമാക്കി.

ഫരീദാബാദ് വിചാരണക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജുനൈദിന്റെ കുടുംബം നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിക്കവെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ദീപക് സഭര്‍വാളാണ് ഒത്തുതീര്‍പ്പ് നടക്കുന്നതായി പറഞ്ഞത്. എന്നാല്‍ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാട് ജുനൈദിന്റെ കുടുംബം കോടതിയിലും ആവര്‍ത്തിച്ചു.


Read more:   യു.എസിനേക്കാളും ഇംഗ്ലണ്ടിനേക്കാളും ഏറെ മികച്ചതാണ് മധ്യപ്രദേശെന്ന് ശിവരാജ് സിങ് ചൗഹാന്‍


ജുനൈദിന്റെ കുടുംബത്തെ കൂടുതല്‍ മുറിവേല്‍പ്പിക്കുന്നതാണ് സര്‍ക്കാരിന്റെ നടപടിയെന്നും ഗ്രാമത്തിലുള്ള അനധികൃത പഞ്ചായത്തുകള്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും കുടുംബത്തിന്റെ അഭിഭാഷകനായ ആര്‍.എസ് ചീമ പറഞ്ഞു.

ശിക്ഷ കിട്ടാതിരിക്കാന്‍ വിധത്തിലാണ് പ്രതികളുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നതെന്നും മോശം രീതിയിലാണ് കേസ് അന്വേഷിക്കുന്നതെന്നും ചീമ കോടതിയില്‍ പറഞ്ഞിരുന്നു.

വിചാരണ നടക്കുന്ന ഫരീദാബാദ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതിഭാഗത്തെ സഹായിക്കുന്നുവെന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നവീന്‍ കൗശിക്കിന് രാജിവെക്കേണ്ടി വന്നിരുന്നു.
കഴിഞ്ഞ ചെറിയ പെരുന്നാളിനാളാണ് സാധനങ്ങള്‍ വാങ്ങാന്‍ പോയി തിരിച്ചുവരുന്നതിനിടെ ജുനൈദ് ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെടുന്നത്. ബീഫ് കൈവശമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് പതിനഞ്ചുകാരനായ ജുനൈദിനെയും സഹോദരങ്ങളെയും ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു.

മര്‍ദ്ദനത്തെത്തുടര്‍ന്നാണ് ജുനൈദ് കൊല്ലപ്പെടുന്നത്.

We use cookies to give you the best possible experience. Learn more