ചണ്ഡീഗഡ്: ബ്രജ് മണ്ഡല് ജലാഭിഷേക് യാത്ര നടക്കാനിരിക്കെ ഹരിയാനയിലെ നൂഹ് ജില്ലയിലെ ഇന്റര്‍നെറ്റ് സേവനം 24 മണിക്കൂറേക്ക് റദ്ദാക്കി സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.
കഴിഞ്ഞ വര്‍ഷം നടന്ന ജലാഭിഷേക് യാത്രക്കിടെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. സംസ്ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റും എസ്.എം.എസ് സേവനങ്ങളും ഞായറാഴ്ച വൈകുന്നേരം ആറുമണി മുതല്‍ താത്കാലികമായി നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നത്.
ജില്ലയില്‍ സംഘര്‍ഷം, പ്രക്ഷോഭം, പൊതുസ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കല്‍, പൊതു സമാധാനത്തിന് ഭംഗം വരുത്തല്‍ എന്നിവ സംഭവിക്കാന്‍ സാധ്യകയുണ്ടെന്ന് ഹരിയാന അഡീഷണല്‍ ചീഫ് സെക്രട്ടറി അനുരാഗ് റസ്‌തോഗി ഉത്തരവില്‍ പറഞ്ഞു. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് നടപടിയെന്നും അനുരാഗ് റസ്‌തോഗി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം നൂഹിലെ ജലാഭിഷേക് യാത്രയ്ക്കിടെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തില്‍ രണ്ട് ഹോം ഗാര്‍ഡുകളും പള്ളിയിലെ ഇമാമും ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.
രണ്ട് മുസ്‌ലിം പുരുഷന്മാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബജ്‌റംഗ്ദള്‍ അംഗവും പശു സംരക്ഷകനുമായ മോനു മനേസര്‍ ഘോഷയാത്രയുടെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം അക്രമം പൊട്ടിപ്പുറപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, യാത്ര സുഗമമായി കടന്നുപോകുന്നത് ഉറപ്പാക്കാന്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി നുഹ് പൊലീസ് അറിയിച്ചു. യാത്രയുടെ മുഴുവന്‍ റൂട്ടും സി.സി.ടി.വി ക്യാമറകളിലൂടെയും ഡ്രോണുകളും ഉപയോഗിച്ച് നിരീക്ഷിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജൂലായ് 22ന് യാത്ര കടന്നുപോകുന്ന വഴികളില്‍ മാംസം, മത്സ്യം, കോഴി കടകള്‍ എന്നിവ അടഞ്ഞുകിടക്കുമെന്നും ജില്ലാ അധികാരികളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാംസക്കച്ചവടക്കാരോട് കടകള്‍ അടയ്ക്കാനോ ഘോഷയാത്ര കടന്നു പോകാത്ത വഴികളിലേക്ക് കച്ചവടം മാറ്റാനും നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Content Highlight: Haryana suspends mobile internet in Nuh for 24 hours amid security concerns for Braj Mandal Yatra