| Tuesday, 18th June 2024, 8:56 pm

ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എയും മകളും പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. സംസ്ഥാന എം.എല്‍.എ കിരണ്‍ ചൗധരി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. നാളെ ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് പരിഗണിക്കാത്തതാണ് രാജിക്കുള്ള കാരണം.

കിരണ്‍ ചൗധരിക്കൊപ്പം മകളും മുന്‍ എം.പിയുമായിരുന്ന ശ്രുതിയും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബുധനാഴ്ച രാവിലെ 11മണിയ്ക്ക് ദല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ ഇരുവരും ബി.ജെ.പിയില്‍ ചേരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി വിടുമെന്ന് ഇരുവരും സൂചന നല്‍കിയിരുന്നു.

ഹരിയാനയിലെ തോഷാമില്‍ നിന്നുള്ള എം.എല്‍.എയാണ് കിരണ്‍ ചൗധരി. ഭിവാനി മഹേന്ദ്രഗഡ് സീറ്റില്‍ ശ്രുതി ചൗധരിയെ മത്സരിപ്പിക്കണമെന്ന് കിരണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം എ.ഐ.സി.സി നേതൃത്വം നിഷേധിച്ചു. പിന്നാലെ സീറ്റ് നല്‍കാത്തതില്‍ പാര്‍ട്ടി വൃത്തങ്ങളോട് കിരണ്‍ ചൗധരി തന്റെ അതൃപ്തി അറിയിച്ചിരുന്നു.

പകരം ഭിവാനി മഹേന്ദ്രഗഡില്‍ നിന്ന് സിറ്റിങ് എം.എല്‍.എയായ റാവു ദന്‍ സിങ്ങിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. റാവുവിന്റെ സ്ഥാനാര്‍ത്ഥിത്വം വലിയ ചര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ റാവു ദന്‍ മഹേന്ദ്രഗഡില്‍ തോല്‍ക്കുകയും ചെയ്തു. ഇതിനുപിന്നാലെ കോണ്‍ഗ്രസ് ശരിയായ ഒരു സ്ഥാനാര്‍ത്ഥിയെ മഹേന്ദ്രഗഡില്‍ നിര്‍ത്തിയിരുന്നെങ്കില്‍ മണ്ഡലം പാര്‍ട്ടിക്ക് നഷ്ടമാകില്ലെന്ന് കിരണ്‍ പ്രതികരിക്കുകയുമുണ്ടായി.

കിരണ്‍ ചൗധരിയുടെ ഭര്‍തൃപിതാവ് ബന്‍സി ലാല്‍ കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായിരുന്നു.

Content Highlight: Haryana’s congress M.L.A. and her daughter left the party and will joing BJP

We use cookies to give you the best possible experience. Learn more