ചണ്ഡീഗഡ്: ഫെബ്രുവരിയില്‍ ദല്‍ഹിയിലേക്ക് നടന്ന കര്‍ഷക മാര്‍ച്ച് തടഞ്ഞ ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ധീതയ്ക്കുള്ള മെഡല്‍ നല്‍കാന്‍ ശുപാര്‍ശ ചെയ്ത് ഹരിയാന സര്‍ക്കാര്‍.
സിബാഷ് കബിരാജ്, ജഷന്‍ദീപ് സിങ് രണ്‍ധാവ, സുമിത് കുമാര്‍, നരേന്ദര്‍ സിങ്, രാം കുമാര്‍, അമിത് ഭാട്ടിയ എന്നിവര്‍ക്കാണ് മെഡല്‍ നല്‍കാന്‍ സർക്കാര്‍ ശുപാര്‍ശ ചെയ്തത്.
ഹരിയാന പൊലീസ് മേധാവി ശത്രുജീത് കപൂറിന്റെ ശുപാര്‍ശ പ്രകാരം ജൂലൈ രണ്ടിന് ഇവരുടെ പേരുകള്‍ കേന്ദ്രത്തിന് അയച്ചിരുന്നു. പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കടക്കുന്ന കര്‍ഷകരെ തടയുന്നതില്‍ ഈ പൊലീസുകാര്‍ പ്രധാന പങ്കുവഹിച്ചെന്നാണ് കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഫെബ്രുവരിയിലാണ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിച്ചത്.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും, കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും നേതൃത്വത്തിലാണ് മാര്‍ച്ച് നടന്ന്. ഫെബ്രുവരി 13 മുതല്‍ പഞ്ചാബ്, ഹരിയാന അതിര്‍ത്തിയില്‍ ആയിരക്കണക്കിന് കര്‍ഷകരായിരുന്നു സമരത്തിനായി ക്യാമ്പ് ചെയ്തത്.
ദല്‍ഹിയിലേക്കുള്ള മാര്‍ച്ച് തടയാനായി ഹരിയാന പൊലീസ് മുള്ളുവേലികള്‍ കൊണ്ട് ബാരിക്കേഡ് തീര്‍ത്തതും സമരക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടതും വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.
ജൂലൈ പത്തിന് പഞ്ചാബ്, ഹരിയാന ഹൈകോടതി പഞ്ചാബ്-ഹരിയാന അതിര്‍ത്തി തുറക്കണമെന്ന് ഉത്തരവിട്ടിരുന്നു. കര്‍ഷകരില്‍ ഭൂരിഭാഗവും ശംഭു അതിര്‍ത്തിയിലായിരുന്നു നിലയുറപ്പിച്ചിരുന്നത്.
Content Highlight: Haryana recommends gallantry medals for 6 policemen who helped stop farmers’ march to Delhi