ചണ്ഡീഗഢ്: ഹരിയാനയില്‍ ജാട്ട് വിഭാഗത്തിന് പത്തു ശതമാനവും മറ്റു അഞ്ചു സമുദായങ്ങള്‍ക്ക് അഞ്ച് ശതമാനവും സംവരണം ഏര്‍പ്പെടുത്താനുള്ള ഹരിയാന സര്‍ക്കാരിന്റെ തീരുമാനം പഞ്ചാബ്- ഹരിയാന ഹൈക്കോടതി സ്‌റ്റേ ചെയ്തു. സംവരണം അനുവദിക്കുന്നതിനായി ഹരിയാന നിയമസഭ ഏകകണഠേന പാസാക്കിയ ഹരിയാന ബാക്ക്‌വേര്‍ഡ് ക്ലാസ് ആക്ടിനെ ചോദ്യം ചെയ്തുള്ള ഹരജി പരിഗണിച്ചാണ് കോടതിയുത്തരവ്.
സര്‍ക്കാര്‍ ജോലിയിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും സംവരണം അനുവദിക്കുന്നതിനായിരുന്നു മാര്‍ച്ച് 29ന് സഭ ബില്‍ പാസാക്കിയിരുന്നത്. ജസ്റ്റിസ് എസ്.എസ് സാരോണ്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഭീവാനി സ്വദേശിയായ മുരാരി ലാല്‍ ഗുപ്തയാണ് ജാട്ട് സമുദായത്തിന് സംവരണം അനുവദിക്കുന്ന ആക്ടിലെ “സി” നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്ന ജാട്ട് സമുദായം ഏപ്രില്‍ 3നകം ബില്‍ പാസാക്കണമെന്നാണ് സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നത്. ജാട്ടുകള്‍, ജാട്ട് സിഖു വിഭാഗം, റോര്‍, ബിഷ്‌നോയിസ്, ത്യഗീസ്, മുസ്‌ലിം ജാട്ടുകള്‍ തുടങ്ങിയ വിഭാഗങ്ങളാണ് ബില്ലില്‍ ഉള്‍പ്പെട്ടിരുന്നത്.