ജെ.ജെ.പിയുടെ പിന്തുണ ലഭിച്ചതോടെ എയര്‍ഹോസ്റ്റസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന ലോഖിത് പാര്‍ട്ടി നേതാവ് ഗോപാല്‍ കന്ദയുടെ പിന്തുണ തേടാനുള്ള നീക്കത്തില്‍ നിന്നും ബി.ജെ.പി പിന്‍വാങ്ങി.
ഹരിയാനയില്‍ സര്‍ക്കാരുണ്ടാക്കാനായി ജെ.ജെ.പിയുടേയും സ്വതന്ത്രരുടേയും പിന്തുണ തേടുന്ന അവസരത്തിലായിരുന്നു ബി.ജെ.പി ഗോപാല്‍ കന്ദയുടെ പിന്തുണയും തേടിയത്. ഇതിന് പിന്നാലെ ഇദ്ദേഹം അമിത് ഷാ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ബി.ജെ.പിയ്ക്കുള്ള തുറന്ന പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ എയര്‍ഹോസ്റ്റസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലും മറ്റ് നിരവധി കേസുകളിലും വിചാരണ നേരിടുന്ന ഗോപാല്‍ കന്ദയെപ്പോലൊരാളുടെ പിന്തുണ തേടാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ നടപടി വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
ഉമാ ഭാരതി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ തന്നെ ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് പാറ്റി പാര്‍ട്ടി രംഗത്തെത്തിയത്.
സര്‍ക്കാരുണ്ടാക്കാന്‍ ഗോപാല്‍ കന്ദയുടെ പിന്തുണ പാര്‍ട്ടി തേടിയിട്ടില്ലെന്നും ജെ.ജെ.പിയുടേയും ആറ് സ്വതന്ത്രരുടേയും പിന്തുണയോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഹരിയാന മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ അനില്‍ വിജും വിഷയത്തില്‍ പ്രതികരണവുമായി എത്തി. കന്ദയുടെ പിന്തുണ പാര്‍ട്ടി തേടിയിട്ടില്ലെന്നും അങ്ങനെയൊരു ചോദ്യത്തിന്റെ ആവശ്യമേയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.