കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ ഹരിയാന പൊലീസ്; സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം
India
കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ ഹരിയാന പൊലീസ്; സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th February 2024, 9:25 am

ന്യൂദല്‍ഹി: കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കവുമായി ഹരിയാന പൊലീസ്. സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കുമെന്ന് ഹരിയാന പൊലീസ് മുന്നറിയിപ്പ് നൽകി.

കര്‍ഷക പ്രതിഷേധത്തിന്റെ പേരില്‍ അക്രമം സൃഷ്ടിച്ചെന്നും പൊതുമുതല്‍ നശിപ്പിച്ചെന്ന പേരിലുമാണ് കര്‍ഷകരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് അംബാല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജോഗീന്ദര്‍ ശര്‍മ പറഞ്ഞു. പ്രതിഷേധത്തിനിടെ പഞ്ചാബിലും ഹരിയാനയിലും അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

‘സി.സി.ടി.വി, ഡ്രോണ്‍ ക്യാമറകള്‍ എന്നിവ ഉപയോഗിച്ച് അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോടും എംബസിയോടും അഭ്യര്‍ഥിക്കും. അവരുടെ ഫോട്ടോയും മേല്‍വിലാസവും അടങ്ങുന്ന വിവരങ്ങള്‍ പാസ്‌പോര്‍ട്ട് ഓഫീസിന് കൈമാറും’, ജോഗീന്ദര്‍ ശര്‍മ പറഞ്ഞു.

വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ടാണ് കിസാന്‍ മോര്‍ച്ചയുടെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ ദല്‍ഹി ചലോ മാര്‍ച്ച് നടക്കുന്നത്. എന്നാല്‍ ഫെബ്രുവരി 13ന് അതിര്‍ത്തിയില്‍ കോണ്‍ഗ്രീറ്റ് സ്ലാബുകളും മുള്‍വേലികളും സ്ഥാപിച്ച് കൊണ്ടാണ് കര്‍ഷകരുടെ മാര്‍ച്ച് ഹരിയാന പൊലീസ് തടഞ്ഞത്.

ഫെബ്രുവരി 21ന് പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ഖനൗരിയില്‍ വെച്ച് നടന്ന പൊലീസ് സംഘര്‍ഷത്തില്‍ ശുഭ്കരന്‍ സിങ് എന്ന യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. തലക്ക് പരിക്കേറ്റാണ് അദ്ദേഹം മരിച്ചത്. ശുഭ്കരന്റെ മരണത്തില്‍ പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, ശുഭ്കരന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച കൊലക്കുറ്റത്തിന് പഞ്ചാബ് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ആര്‍ക്കെതിരെയാണ് കേസെന്ന് എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടില്ല.

Contant Highlight: Haryana police starts passport cancellation process against farmer protesters