ചണ്ഡിഗഢ്: കാണാന്‍ നേപ്പാളികളെപ്പോലെയുണ്ടെന്ന് പറഞ്ഞ് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് പാസ്‌പോര്‍ട്ട് നിഷേധിച്ചെന്ന ആരോപണവുമായി സഹോദരിമാര്‍.
ഹരിയാനയില്‍ നിന്നുള്ള ഹീന,സന്തോഷ് എന്നിവരാണ് ചണ്ഡിഗഢിലെ റീജിയണല്‍ പാസ്‌പോര്‍ട്ട് അതോറിറ്റിക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്.
പ്രസക്തമായ എല്ലാ രേഖകളും കാണിച്ചിട്ടും ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ വിസമ്മതിച്ചതായി ഹീനയും സന്തോഷും പറഞ്ഞു.
” പൊലീസ് പരിശോധനയ്ക്ക് ശേഷം അംബാല പാസ്പോര്‍ട്ട് ഓഫീസ് ചണ്ഡിഗഢിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസിലേക്ക് പോകാന്‍ പറഞ്ഞു. ഞങ്ങള്‍ കാണാന്‍ നേപ്പാളികളാണെന്ന് തോന്നുന്നുവെന്ന് ചണ്ഡിഗഢിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.” ഹീന പറഞ്ഞു.
റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥന്‍ സഹദേവ് കൗശിക് തങ്ങളുടെ രേഖകള്‍ ശരിയായി പരിശോധിച്ചില്ലെന്നും പകരം പൗരത്വ രേഖകള്‍ക്കായി ജില്ലാ കമ്മീഷണറെ സമീപിക്കാന്‍ പറഞ്ഞുവെന്നും സഹോദരിമാര്‍ പറഞ്ഞു.
സന്തോഷ് തന്റെ ആധാര്‍ നമ്പറും പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റും ഹീന വോട്ടര്‍ ഐഡി കാര്‍ഡും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചിരുന്നു.
‘അപേക്ഷക നേപ്പാളിയാണെന്ന് തോന്നുന്നു’ എന്നാണ് പാസ്‌പോര്‍ട്ട് ഒഫീസര്‍ രേഖപ്പെടുത്തിയത്. എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തു. സഹോദരിമാരില്‍ ഒരാള്‍ക്ക് നിലവില്‍ പാസ്‌പോര്‍ട്ട് ഉണ്ട്.
‘എന്റെ മുത്തച്ഛന്‍ നേപ്പാളില്‍ നിന്നാണ് വന്നത്. എന്റെ പിതാവ് ജനിച്ച് വളര്‍ന്നത് ഇന്ത്യയിലാണ്. ഡിസംബര്‍ 29 ന് ഞങ്ങള്‍ (ഹരിയാന മന്ത്രി) അനില്‍ വിജിനെ കണ്ടു. രണ്ട് ദിവസത്തിന് ശേഷം ഞങ്ങളെ ചണ്ഡിഗഢിലെ ആര്‍.പി.ഒയിലേക്ക് വിളിപ്പിച്ചു ഒരാഴ്ചയ്ക്കുള്ളില്‍ പാസ്പോര്‍ട്ട് ലഭിക്കുമെന്ന് അവര്‍ പറഞ്ഞു.” ഹീന പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
” പാസ്പോര്‍ട്ട് അതോറിറ്റി അവരുടെ രേഖകളില്‍ ‘അപേക്ഷകന്‍ നേപ്പാളിയാണെന്ന് തോന്നുന്നു’ എന്ന് രേഖപ്പെടുത്തിയാതയി അംബാല ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് ശര്‍മ സ്ഥിരീകരിച്ചു.
”സംഭവം എന്റെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഞാന്‍ അതില്‍ ഇടപെട്ടിട്ടുണ്ട്. എന്റെ ഇടപെടലിന് ശേഷം രണ്ട് സഹോദരിമാരെയും പാസ്പോര്‍ട്ട് ഓഫീസിലേക്ക് വിളിച്ചിരുന്നു, അവരുടെ പാസ്പോര്‍ട്ട് ഉടന്‍ തന്നെ എത്തും,” ശര്‍മ്മ പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.