| Sunday, 5th June 2016, 2:52 pm

വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി ജാട്ടുകള്‍; സുരക്ഷ ശക്തമാക്കി ഹരിയാന സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഡ്: സംവരണം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ഹരിയാനയില്‍ ജാട്ടുകള്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഇതിന് മുന്നൊരുക്കമെന്നോണം ഹരിയാനയില്‍ സുരക്ഷാ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കി. കൂടുതല്‍ അനിഷ്ട സംഭവങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 15 ജില്ലകളിലാണ് ജാട്ടുകള്‍ സമരം ആസൂത്രണം ചെയ്തിരിക്കുന്നത്.

ഓള്‍ ഇന്ത്യ ജാട്ട് ആരക്ഷണ്‍ സംഘര്‍ഷ് സമിതിയാണ് പ്രക്ഷോഭം പുനരാരംഭിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണത്തെപ്പോലെ റോഡുകളോ റെയില്‍ പാളങ്ങളോ സമരത്തിന്റെ ഭാഗമായി ഉപരോധിക്കില്ലെന്ന് സമിതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പും സമരക്കാര്‍ നല്‍കുന്നു. ഇതിനെ തുര്‍ന്ന് സംസ്ഥാന പൊലീസ് സേനയ്ക്ക് പുറമെ 4,800 പാരാമിലിട്ടറി സൈനികരേയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സമരത്തെ നിയന്ത്രിക്കുന്നതിനായി റോത്തേക്ക്, സോനിപ്പത്ത്, പാനിപ്പത്ത് തുടങ്ങി എട്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ മാസം 26 നാണ് ജാട്ടുകള്‍ ഉള്‍പ്പെടെ അഞ്ച് വിഭാഗങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം ഹൈക്കോടതി റദ്ദാക്കിയത്. രണ്ട് മാസം നീണ്ട ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 29 നായിരുന്നു സര്‍ക്കാര്‍ ജാട്ടുകള്‍ക്ക് സംവരണം നല്‍കിയത്. പൊലീസുകാര്‍ ഉള്‍പ്പെടെ മുപ്പത് പേരാണ് അന്നത്തെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. സംവരണം നടപ്പിലാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നായിരുന്നു അന്ന് സമരം അവസാനിപ്പിച്ചത്. സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി ഇടപെട്ട തടഞ്ഞതാണ് പ്രക്ഷോഭത്തിലേക്ക് വീണ്ടും പോകാന്‍ ജാട്ടുകളെ പ്രേരിപ്പിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more