| Thursday, 21st September 2017, 1:52 pm

ജാട്ട് കലാപത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാമെങ്കില്‍ ഗുര്‍മീതിന്റെ അനുയായികള്‍ക്കും നല്‍കണം; വിവാദ പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി അനില്‍ വിജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബലാത്സംഗകേസില്‍ ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ദേരാ അനുയായികള്‍ അഴിച്ചുവിട്ട കലാപത്തിലെ പൊലീസ് നടപടിയെ വിമര്‍ശിച്ചും ദേരാ അനുയായികളെ പിന്തുണച്ചും ഹരിയാന ബി.ജെ.പി മന്ത്രി അനില്‍ വിജ്.

കലാപത്തിനിടെയുണ്ടായ പൊലീസ് നടപടിയില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് അനില്‍വിജിന്റെ ആവശ്യം.

ജാട്ട് കലാപത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെങ്കില്‍ ദേരാ കലാപത്തിനിടെ പരിക്കേറ്റ ഗുര്‍മീത് അനുയായികള്‍ക്കും അതിനര്‍ഹതയുണ്ടെന്നായിരുന്നു അനില്‍ വിജിന്റെ വാദം. എന്തുകൊണ്ടാണ് അതിന് തയ്യാറാകാത്തതെന്നും അനില്‍ വിജ് ചോദിക്കുന്നു.


Dont Miss 200 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് കാളിദാസന്‍; സ്വപ്‌നസാക്ഷാത്ക്കാരമെന്ന് താരം


ഗുര്‍മീതിന്റെ അനുയായികള്‍ അഴിച്ചുവിട്ട കലാപത്തില്‍ 41 പേരുടെ ജീവന്‍ നഷ്ടമാകുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കലാപത്തിനിടെ മാധ്യമങ്ങളുടെ ഒബി വാനും പൊലീസ് വാഹനങ്ങളും തല്ലതകര്‍ക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്ത 43 ദേരാ അനുയായികളുടെ പട്ടിക കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. പിടികിട്ടാപ്പുള്ളികളായ ഇവരുടെ ഫോട്ടോയും പൊലീസ് ലുക്ക് ഔട്ട് നോട്ടീസായി ഇറക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അനില്‍വിജിന്റെ പ്രസ്താവന.

നേരത്തെയും വിവാദപ്രസ്താവനകള്‍ നടത്തി പ്രതിരോധത്തിലായ മന്ത്രിയാണ് അനില്‍ വിജ്. ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും മഹാത്മാഗാന്ധിയുടെ ചിത്രം എടുത്തുമാറ്റണമെന്നും ഹിന്ദുക്കള്‍ക്ക് ഒരിക്കലും തീവ്രവാദികളാകാന്‍ കഴിയില്ലെന്നും ബീഫ് കഴിക്കാതെ ജീവിക്കാന്‍ കഴിയില്ലെന്ന് കരുതുന്നവര്‍ ഹരിയാനയിലേക്ക് വരേണ്ടതില്ല തുടങ്ങിയവയായിരുന്നു വിവാദമായ ചില പ്രസ്താവനകള്‍.

കഴിഞ്ഞ ആഗസ്തില്‍, സിര്‍സയിലെ ദേര സച്ച സൗധ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഒരു കായിക പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ അനില്‍ വിജ് ദേരാ സച്ചാ സൗധയ്ക്ക് 50 കോടി രൂപ സംഭാവനയായി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more