| Wednesday, 30th May 2018, 9:28 am

'രാഹുല്‍ ഗാന്ധി നിപാ വൈറസ് പോലെ' എന്ന് ഔദ്യോഗിക പ്രസ്താവനയില്‍ ഹരിയാന ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നിപാ വൈറസിനോട് ഉപമിച്ച് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. രാഹുല്‍ഗാന്ധി നിപാ വൈറസ് പോലെയാണെന്നും അദ്ദേഹവുമായി അടുക്കുന്ന എല്ലാവരെയും നശിപ്പിക്കുമെന്നുമാണ് അനില്‍ വിജ് പറഞ്ഞത്.

” രാഹുല്‍ ഗാന്ധി നിപാ വൈറസ് പോലെയാണ്. അത് പാര്‍ട്ടിയേയും അദ്ദേഹവുമായി ബന്ധപ്പെടുന്ന എല്ലാവരേയും നശിപ്പിക്കും.” ഹരിയാന സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വിജ് പറയുന്നു.

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളേയും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തങ്ങളെ പ്രഖ്യാപിക്കുമെന്ന് കരുതിയിരിക്കുകയാണ് ഇവരെന്നാണ് അനില്‍ വിജ് പറഞ്ഞത്.

“സി.എല്‍.പി നേതാവ് കിരണ്‍ ചൗധരി, അശോക് തന്‍വാര്‍, ക്യാപ്റ്റന്‍ അജയ് യാദവ്, ഭുപീന്ദര്‍ സിങ് എന്നിവരുള്‍പ്പെടെ എല്ലാ നേതാക്കളും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തങ്ങളെ പ്രഖ്യാപിക്കുമെന്ന് കാത്തിരിക്കുകയാണ്. എന്നാല്‍ ഈ സ്വയം പ്രഖ്യാപിത മുഖ്യമന്ത്രിമാര്‍ എം.എല്‍.എമാര്‍ പോലുമാവില്ല.” വിജ് പ്രസ്താവനവില്‍ പറയുന്നു.

നേരത്തെയും ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ അനില്‍ വിജിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ശ്മശാനം പോലെ മനോഹരമാണ് താജ്മഹല്‍ എന്ന് ഒരുതവണ അദ്ദേഹം പറഞ്ഞിരുന്നു.


Also Read: കെവിനെ കൊന്നത് ജാതിയാണ്; അതിനെ കുറിച്ച് പറയാതെ രാഷ്ട്രീയത്തെ കുറിച്ച് മാത്രം സംസാരിക്കുന്നത് ഞെട്ടലുളവാക്കുന്നു; സി. കെ വിനീത്


നേരത്തെ ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയും കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളുമായ ഗുര്‍മേഹര്‍ കൗര്‍ എ.ബി.വി.പിയ്‌ക്കെതിരെ കാമ്പെയ്ന്‍ നടത്തിയ വേളയില്‍ അനില്‍ വിജ് ഗുര്‍മേഹറിനെ അധിക്ഷേപിച്ചു രംഗത്തുവന്നിരുന്നു. ഗുര്‍മേഹര്‍ കൗര്‍ പാക് അനുകൂലിയാണെന്നും രാജ്യത്തുനിന്നും പുറത്തെറിയണമെന്നുമാണ് അനില്‍ വിജ് പറഞ്ഞത്.

മഹാത്മാഗാന്ധിയുടെ ചിത്രം ഖാദിക്ക് ഗുണം ചെയ്യില്ലെന്ന അനില്‍ വിജിന്റെ പരാമര്‍ശവും വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു.

We use cookies to give you the best possible experience. Learn more