റഷ്യയില്‍ മരിച്ച ഹരിയാന യുവാവ് സൈനിക സേവനത്തിന് നിര്‍ബന്ധിതനായി; പരാതിയുമായി കുടുംബം
national news
റഷ്യയില്‍ മരിച്ച ഹരിയാന യുവാവ് സൈനിക സേവനത്തിന് നിര്‍ബന്ധിതനായി; പരാതിയുമായി കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th July 2024, 2:24 pm

ന്യൂദല്‍ഹി: റഷ്യയില്‍ മരിച്ച ഹരിയാന സ്വദേശിയായ യുവാവിനെ റഷ്യ നിര്‍ബന്ധിത സൈനിക സേവനത്തിന് വിധേയനാക്കിയെന്ന പരാതിയുമായി കുടുംബം. ഉക്രൈനെതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിന് വേണ്ടി യുവാവ് പോരാടാന്‍ നിര്‍ബന്ധിതനായെന്നാണ് കുടുംബം ആരോപിക്കുന്നത്.

ദി ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കൈതാല്‍ ജില്ലയിലെ മറ്റൂര്‍ ഗ്രാമത്തില്‍ നിന്നുള്ള രവി മൗണ്‍ എന്നയാള്‍ക്ക് ഒരു റിക്രൂട്ട്‌മെന്റ് ഏജന്റ് ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ ജോലി ഉറപ്പ് നല്‍കിയിരുന്നതായി സഹോദരന്‍ അജയ് മൗണ്‍ പറഞ്ഞു.

ജോലിക്കായി ജനുവരിയില്‍ റഷ്യയിലേക്ക് പോയ രവി പിന്നീട് സൈനിക വേഷത്തില്‍ പരിക്കേറ്റ ചിത്രങ്ങള്‍ കുടുംബത്തിന് അയച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റഷ്യന്‍ സൈനിക സേവനത്തിന് നിര്‍ബന്ധിതരായ 50ാളം ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയക്കുമെന്ന് മോസ്‌കോ വാഗ്ദാനം നല്‍കി ദിവസങ്ങള്‍ക്കകമാണ് ഇത്തരമൊരു ആരോപണവുമായി ഹരിയാനയിലെ കുടുംബം രംഗത്തെത്തിയത്.

യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചാല്‍ 10 വര്‍ഷം തടവ് അനുഭവിക്കുമെന്ന് റഷ്യന്‍ സൈന്യം ഭീഷണിപ്പെടുത്തിയതായി രവിയുടെ കുടുംബം ആരോപിച്ചു. മാര്‍ച്ച് 13നാണ് രവിയുമായി അവസാനമായി സംസാരിച്ചതെന്ന് കുടുംബം പറഞ്ഞു.

മാര്‍ച്ച് ആറ് മുതല്‍ താന്‍ യുദ്ധഭൂമിയിലാണെന്നും വീണ്ടും യുദ്ധക്കളത്തിലേക്ക് പോകണമെന്നും വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞു. അതിനുശേഷം അവനുമായി ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും രവിയുടെ ബന്ധു പറഞ്ഞു.

ജൂലൈ 21ന് രവിയുടെ സഹോദരന്‍ അജയ് വിവരമറിയിച്ച് റഷ്യയിലെ ഇന്ത്യന്‍ എംബസിക്ക് കത്തെഴുതിയിരുന്നു. പിന്നീട് രവി മൗണ്‍ റഷ്യയില്‍ വച്ചാണ് മരിച്ചതെന്ന് എംബസിയിലെ സെക്രട്ടറി ഗ്ലോറിയ ഡംഗ് സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ റഷ്യയുമായി ബന്ധപ്പെട്ടിരുന്നെന്നും ഇന്ത്യന്‍ എംബസി കുടുംബത്തെ അറിയിച്ചു.

മൃതദേഹം തിരിച്ചറിയാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നാണ് റഷ്യ അറിയിച്ചത്. പിന്നാലെ രവിയുടെ പിതാവിന്റെ ഡി.എന്‍.എ റഷ്യയിലേക്ക് അയക്കാനുള്ള നീക്കത്തിലാണ് കുടുംബം.

ഉക്രൈനില്‍ റഷ്യന്‍ സൈന്യത്തിനൊപ്പം ഇന്ത്യക്കാര്‍ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം ജൂലൈ ഒമ്പതിന് അറിയിച്ചിരുന്നു. പ്രധാനമന്ത്രി റഷ്യയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയായിരുന്നു വിവരം പുടിനെ അറിയിച്ചത്.

Content Highlight: Haryana man dies in Russia, family alleges he was forced to fight in Ukraine war