| Thursday, 7th March 2024, 3:09 pm

ഹരിയാന സര്‍ക്കാരിന് തിരിച്ചടി; യുവകര്‍ഷകന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട യുവകര്‍ഷകന്റെ മരണത്തില്‍ ഹരിയാന സര്‍ക്കാരിന് തിരിച്ചടി. തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ട ശുഭ്കരണ്‍ സിങ്ങിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.

കേസ് പഞ്ചാബിനോ ഹരിയാനയ്ക്കോ കൈമാറാനാകില്ലെന്നും വിരമിച്ച ഹൈക്കോടതി ജഡ്ജിയും എ.ഡി.ജി.പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരും അടങ്ങുന്ന മൂന്നംഗ സമിതിയെ അന്വേഷണത്തിനായി രൂപീകരിക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ട് നാലിനകം സമിതിയില്‍ ഉള്‍പ്പെടുത്തേണ്ട ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ എ.ഡി.ജി.പി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രതിഷേധക്കാർക്ക് നേരെ ഹരിയാന പൊലീസ് ഉപയോഗിച്ച വെടിയുണ്ടകളുടെയും പെല്ലറ്റുകളുടെയും വിശദാംശങ്ങൾ രജിസ്ട്രിക്ക് കൈമാറണമെന്നും കോടതി അറിയിച്ചു.

പഞ്ചാബിലെ ബതിന്ഡ ജില്ലയിലെ ബലോകേ സ്വദേശിയായിരുന്നു ശുഭ്കരണ്‍ സിങ്. യുവകര്‍ഷകന്റെ മരണം ഹരിയാന പൊലീസ് ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. പൊലീസുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 21 വയസുള്ള യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടുവെന്ന വിവരം കര്‍ഷക നേതാക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്.

യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഏതാനും ദിവസത്തേക്ക് ദല്‍ഹി ചലോ മാര്‍ച്ച് നിര്‍ത്തിവെക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരുന്നു.

Content Highlight: Haryana High Court orders a judicial inquiry into the death of a young farmer in Delhi chalo march

We use cookies to give you the best possible experience. Learn more