ന്യൂദല്‍ഹി: പശുവിനെ കടത്തിയെന്നാരോപിച്ച് ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്ന യുവാക്കള്‍ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമായതോടെ പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ച് ഹരിയാന സര്‍ക്കാര്‍. ഹരിയാനയിലെ ഫിറോസ്പൂര്‍ ജില്ലയില്‍ രണ്ട് ദിവസമായി പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് നൂഹ് ജില്ലയില്‍ എസ്.എം.എസ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചത്.
പ്രദേശത്ത് സാമുദായിക സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും മനുഷ്യ ജീവനും സ്വത്തിനും അപകടമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പരാമര്‍ശിക്കുന്നു.
സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകളും വിദ്വേഷ പ്രചരണവും ഉണ്ടാകുന്നത് തടയേണ്ടതുണ്ട് എന്ന ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നും സര്‍ക്കാര്‍ പറയുന്നു. പ്രദേശത്ത് ക്രമസമാധാന നില തകരാതാരിക്കാനുള്ള മുന്‍കരുതല്‍ നടപടിയാണിതെന്നായിരുന്നു ഉത്തരവ് ഒപ്പുവെച്ചുകൊണ്ട് ഹരിയാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ഹോം സെക്രട്ടറി ടി.വി.എസ്.എന്‍. പ്രസാദിന്റെ പ്രതികരണമെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരി 28 രാത്രി 11.59 വരെയായിരിക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കുണ്ടാകുക.
കഴിഞ്ഞ ദിവസം നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന യുവാക്കളുടെ കുടുംബത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
നീതി ആവശ്യപ്പെട്ടുള്ള ബന്ധുക്കളുടെ പ്രതിഷേധം പ്രദേശത്തെ സമാധാനനില തകര്‍ത്തെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഭരത്പൂര്‍ ജില്ലാ ഭരണകൂടമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഫെബ്രുവരി 27ന് കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശമുണ്ട്. പൊലീസുമായി സഹകരിച്ച് പ്രദേശത്തെ ക്രമസമാധാനം നില നിര്‍ത്താനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്നും എല്ലാം കൃത്യമായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ചെയ്യുന്നതെന്നും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സുനിത യാദവ് പറഞ്ഞു.
‘എല്ലാം കൃത്യമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ചെയ്യുന്നത്. പൊലീസുമായി സഹകരിച്ച് പ്രദേശത്തെ ക്രമസമാധാനം നിലനിര്‍ത്താനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണ് നോട്ടീസ് അയച്ചത്,’ സുനിത യാദവ് പറയുന്നു.
അതേസമയം യുവാക്കളെ തട്ടിക്കൊണ്ടുപോയത് ഹരിയാന സര്‍ക്കാരിന്റേതെന്ന് രേഖപ്പെടുത്തിയ കാറിലെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഓണ്‍ലൈന്‍ ഉടമസ്ഥാവകാശ വെബ്സൈറ്റുകളിലടക്കം വാഹനം സര്‍ക്കാരിന്റേതാണെന്നാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
പശുവിനെ കടത്തിയെന്നാരോപിച്ച് ഫെബ്രുവരി 16നായിരുന്നു ജുനൈദ്-നാസിര്‍ എന്ന യുവാക്കളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്നത്.
Content Highlight: Haryana Govt cuts internet in Nuh district amid protests