| Friday, 4th August 2023, 6:12 pm

ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നാലെ 250 കുടിലുകള്‍ പൊളിച്ചുനീക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വര്‍ഗീയ സംഘര്‍ഷം തുടരുന്ന ഹരിയാനയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് 250 കുടിലുകള്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കി. നൂഹില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള തൗറു മേഖലയിലെ കുടിലുകളാണ് പൊളിച്ചുനീക്കിയത്. ഹരിയാന അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു കുടിലുകള്‍ പൊളിച്ചുനീക്കല്‍ നടപടി നടന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാറാണ് പൊളിച്ചുനീക്കല്‍ നടപടിക്ക് ഉത്തരവിട്ടത്.

ബംഗ്ലാദേശില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ ഹരിയാന അര്‍ബന്‍ അതോറിറ്റിയുടെ ഭൂമിയില്‍ അനധികൃതമായി കുടില്‍ കെട്ടി താമസിക്കുകയായിരുന്നെന്നാണ് ആരോപിക്കപ്പെടുന്നത്. ഒരേക്കര്‍ സ്ഥലത്ത് 250 കുടിലുകളാണ് ഉണ്ടായിരുന്നത്. 4 വര്‍ഷകാലമായി ഇവര്‍ ഇവിടെ താമസിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത് പൊലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചുകൊണ്ടായിരുന്നു പൊളിക്കല്‍ നടപടി. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

നേരത്തെ യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മാതൃകയില്‍ ഹരിയാനയിലും ബുള്‍ഡോസര്‍ നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊളിക്കല്‍ നടപടി. വി.എച്ച്.പിയുടെ ഘോഷയാത്രക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പുറത്ത് നിന്നുള്ളവരുടെ പങ്കുണ്ടെന്ന് പൊലീസും ഭരണകൂടവും ആരോപിച്ചു. ബുധനാഴ്ച രാത്രി തൗറുവിലെ രണ്ട് പള്ളികള്‍ തകര്‍ക്കാന്‍ ശ്രമമുണ്ടായി. ഗുരുഗ്രാം മസ്ജിദ് വെള്ളിയാഴ്ചയിലെ നിസ്‌കാരം വീടുകളില്‍ നിന്നും ചെയ്യാന്‍ നിര്‍ദേശം നല്‍കി.

അതേസമയം, ഹരിയാനയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായ നൂഹിലെ പൊലീസ് മേധാവി വരുണ്‍ സിംഗ്ലയെ സ്ഥലംമാറ്റി. ബിവാനി ജില്ലയിലേക്കാണ് ഇയാളെ മാറ്റിയത്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ നരേന്ദ്ര ബിജാര്‍നിയ നൂഹിലെ പൊലീസ് മേധാവിയാകും.

ഗുരുഗ്രാമില്‍ അഞ്ച് ഗോഡൗണുകള്‍ക്കും കടകള്‍ക്കും ചൊവ്വാഴ്ച ആള്‍ക്കൂട്ടം തീയിട്ടു. 20 കേന്ദ്രസൈന്യ കമ്പനിയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ 170 ആളുകളെ അറസ്റ്റ് ചെയ്യുകയും 90 ആളുകളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. 41 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ഇന്റര്‍നെറ്റ് വീണ്ടും പുനസ്ഥാപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെയാണ് പൊലീസ് ഏഴ് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2300 വീഡിയോകള്‍ പരിശോധിച്ചു. സംഘര്‍ഷം നടന്ന അന്ന് പ്രകോപനപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്ത മൂന്ന് അക്കൗണ്ടുകള്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഘര്‍ഷത്തില്‍ ഇതുവരെ ഒരു പുരോഹിതനും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്. ബജ്‌റംഗ്ദളും വി.എച്ച്.പിയും സംഘടിപ്പിച്ച ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്രക്ക് പിന്നാലെയാണ് ഹരിയാനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഫെബ്രുവരിയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബജ്‌റംഗ്ദള്‍ നേതാവ് മോനു മനേസറിന്റെ സാന്നിദ്ധ്യമാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. ഗുരുഗ്രാം അല്‍വാര്‍ ദേശീയപാതയില്‍ വെച്ച് റാലിക്ക് നേരെ കല്ലെറിഞ്ഞെന്നും ആരോപണമുണ്ട്.

Content Highlights:  Haryana government razed shanties of immigrants

We use cookies to give you the best possible experience. Learn more