കർഷകരുടെ ദൽഹി ചലോ മാർച്ച്; നിരോധനത്തിന് പിന്നാലെ ഹരിയാനയുടെ അതിർത്തികൾ കൊട്ടിയടച്ച് സർക്കാർ
national news
കർഷകരുടെ ദൽഹി ചലോ മാർച്ച്; നിരോധനത്തിന് പിന്നാലെ ഹരിയാനയുടെ അതിർത്തികൾ കൊട്ടിയടച്ച് സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th February 2024, 9:45 pm

ന്യൂദൽഹി: കർഷകരുടെ ദൽഹി ചലോ മാർച്ചിനെ തുടർന്ന് ഹരിയാനയിൽ 144 പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ അതിർത്തികൾ മുഴുവൻ ബാരിക്കേഡുകൾ വെച്ചടച്ചതായി റിപ്പോർട്ട്. ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ അതിർത്തികളിലായി വിന്യസിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രതിഷേധവുമായി എത്തുന്ന കർഷകർ ദേശീയ തലസ്ഥാനത്ത് പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ അതിർത്തികൾ അടക്കുന്ന നീക്കത്തെ തുടർന്ന് സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും സർക്കാരിനെതിരെ ഞായറാഴ്ച പ്രതിഷേധിക്കുകയുണ്ടായി.

കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച കാർഷിക ബില്ലുകൾക്കെതിരെ കർഷക യൂണിയനുകൾ നടത്തിയ പ്രതിഷേധങ്ങളെ ചൂണ്ടിക്കാട്ടിയാണ് നിലവിലെ തീരുമാനങ്ങൾ എന്നും അധികൃതർ പ്രതികരിച്ചു.

സംയുക്ത കിസാൻ മോർച്ചയും ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കർഷക സംഘടനകളും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം പഞ്ചാബ് മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ ഭഗവന്ത് മൻ ദൽഹിയിലേക്കും ഹരിയാനയിലേക്കും പ്രവേശിക്കാനുള്ള റോഡുകളെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയോട് ഉപമിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

എന്നാൽ സംസ്ഥാന അതിർത്തികളിൽ റോഡ് സ്‌പൈക്ക് ബാരിയറുകൾ സ്ഥാപിക്കുന്നതിൻ്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കർഷകരുടെ പാതയിൽ നഖം വെക്കുന്നത് അമൃത്കാലാണോ അതോ അന്യായക്കാലാണോ എന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചോദിച്ചു.

ഞായറാഴ്ച രാവിലെ നിയന്ത്രണങ്ങളുടെ ഭാഗമായി ഹരിയാനയിലെ പഞ്ച്കുലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മാർച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ ഹരിയാനയിലെ ഏഴു ജില്ലകളിൽ സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നീ ഏഴ് ജില്ലകളിലാണ് ഇന്റർനെറ് സർവ്വീസ് നിർത്തിവെച്ചിരിക്കുന്നത്.

Content Highlight: Haryana government closes borders after ban