ടോകിയോ: ടോകിയോ പാരാലിംപിക്‌സില്‍ മെഡല്‍ നേടിയ ഷൂട്ടര്‍മാരായ മനീഷ് നര്‍വാളിനും സിംഗ് രാജിനും പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. പി4 മിക്‌സ്ഡ് 50 മീറ്റര്‍ എസ്.എച്ച്.1 വിഭാഗത്തിലാണ് ഇരുവരും ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്.
സ്വര്‍ണമെഡല്‍ നേടിയ മനീഷിന് 6 കോടി രൂപയും വെള്ളി നേടിയ സിംഗ് രാജിന് 4 കോടി രൂപയുമാണ് ഹരിയാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. പാരിതോഷികത്തിന് പുറമെ ജോലിയും നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പി4 മിക്‌സ്ഡ് 50 മീറ്റര്‍ എസ്.എച്ച്.1 വിഭാഗത്തില്‍ 218.2 പോയിന്റുമായി പാരാലിംപിക് റെക്കോഡോടെയാണ് മനീഷിന്റെ സ്വര്‍ണനേട്ടം. 216.7 പോയിന്റ് നേടിയാണ് സിംഗ് രാജ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്.
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്.എച്ച്.1 വിഭാഗത്തില്‍ മനീഷ് നേരത്തെ വെങ്കലം നേടിയിരുന്നു. ഇതോടെ അവനിയ്ക്ക് ശേഷം ടോകിയോ ഒളിംപിക്‌സില്‍ ഇരട്ട മെഡല്‍ നേടുന്ന താരമായി മനീഷ് മാറി.
നേരത്തെ ജാവലിന്‍ ത്രോയില്‍ ലോക റെക്കോഡ് ഭേദിച്ച് സ്വര്‍ണം നേടിയ സുമിത് ആന്റലിനും ഡിസ്‌കസ് ത്രോ എഫ്56 വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ യോഗേഷിനും ഹരിയാന സര്‍ക്കാര്‍ പാരിതോഷികവും സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ 3 സ്വര്‍ണവും 7 വെള്ളിയും 5 വെങ്കലവുമടക്കം 15 മെഡലുകളുമായി 35ാം സ്ഥാനത്താണ് ഇന്ത്യ. 2016 റിയോ പാരാലിംപിക്‌സിലേതിനേക്കാള്‍ 11 മെഡലുകള്‍ അധികം നേടിയാണ് ടോകിയോയില്‍ ഇന്ത്യ കുതിപ്പ് തുടരുന്നത്. 88 സ്വര്‍ണമടക്കം 189 മെഡലുകളുമായി ചൈന പോയിന്റ് പട്ടികയില്‍ തങ്ങളുടെ അധീശത്വം തുടരുകയാണ്.