| Saturday, 5th June 2021, 9:42 pm

ഹരിയാനയിലെ ഒറ്റ പൊലീസ് സ്റ്റേഷന്‍ ഒഴിയാതെ വളയുമെന്ന് കര്‍ഷകര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി ബി.ജെ.പി സഖ്യകക്ഷി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിയാന: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബി.ജെ.പി സഖ്യ കക്ഷി എം.എല്‍.എ മാപ്പ് പറഞ്ഞു. ഹരിയാന എം.എല്‍.എ ദേവേന്ദ്ര സിംഗ് ബാബ്ലി ആണ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.

ഒരു ജനപ്രതിനിധിയ്ക്ക് നിരയ്ക്കാത്ത രീതിയിലുള്ള വാക്കുകള്‍ ഉപയോഗിച്ചതിന് താന്‍ ക്ഷമ ചോദിക്കുന്നതായി കര്‍ഷകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.

സംഭവത്തിന് പിന്നാലെ തൊഹാന പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിച്ച കര്‍ഷക സമര നേതാവ് രാകേഷ് ടികായത് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ എം.എല്‍.എയുടെ ക്ഷമാപണം സ്വീകരിച്ചു.

” എം.എല്‍.എ മാപ്പ് പറഞ്ഞത് നന്നായി,ഇപ്പോള്‍ കര്‍ഷക സമിതി എം.എല്‍.എയുമായി ചര്‍ച്ച നടത്തുന്നുണ്ട്. തുടര്‍ തീരുമാനങ്ങള്‍ എടുക്കും,” ടികായത് പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഒരു വര്‍ഷം നീണ്ടുനിന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ബാനറില്‍ നൂറുകണക്കിന് കര്‍ഷകര്‍ തൊഹാന പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിന് ശേഷമാണ് ദേവേന്ദ്ര ബാബ്ലി ക്ഷമാപണം നടത്തിയത്.

എം.എല്‍.എയുടെ പരാമര്‍ശത്തിലും മൂന്ന് കര്‍ഷകരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിക്കുകയായിരുന്നു കര്‍ഷകര്‍. ബാബ്ലി മാപ്പ് പറഞ്ഞില്ലെങ്കില്‍ തിങ്കളാഴ്ച ഹരിയാനയിലുടനീളമുള്ള പൊലീസ് സ്റ്റേഷനുകള്‍ വളയുമെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights:  Haryana Farmers March On Police Station In Showdown Over Spat With MLA

We use cookies to give you the best possible experience. Learn more