|

ഹരിയാന തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് എം.പിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് എം.പിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. സെല്‍ജ കുമാരിയെയാണ് ഖട്ടര്‍ ബി.ജെ.പിയിലേക്ക് ക്ഷണിച്ചത്. ഒക്ടോബര്‍ അഞ്ചിന് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ നീക്കം.

ബി.ജെ.പി സ്ഥാനാര്‍ത്ഥി ഹര്‍വീന്ദര്‍ കല്യാണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കവെയാണ് ഖട്ടര്‍ കോണ്‍ഗ്രസ് എം.പിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് സെല്‍ജ വിട്ടുനില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ക്ഷണം.

ഇവിടെ തങ്ങളുടെ ഒരു ദളിത് സഹോദരിയുണ്ട്. അവളിപ്പോള്‍ വീട്ടിലിരിക്കുകയാണ്. അവളും അവള്‍ക്ക് വേണ്ടപ്പെട്ടവരും എന്താണിപ്പോൾ ചെയ്യുന്നതെന്ന് തങ്ങള്‍ക്ക് അറിയില്ല. ഇപ്പോള്‍ തങ്ങളൊരു ഓഫര്‍ മുന്നോട്ടുവെക്കുകയാണ്. സെല്‍ജയെ തങ്ങളോടപ്പം ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി തയ്യാറാണ് എന്നാണ് മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞത്.

യോഗത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനിടയിലെ ചേരിപ്പോരിനെ കുറിച്ചും ഖട്ടര്‍ സംസാരിക്കുകയുണ്ടായി. ഹരിയാന രാഷ്ട്രീയത്തില്‍ അച്ഛനും മകനും തന്നെ രണ്ട് അഭിപ്രായമാണെന്ന് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയെയും അദ്ദേഹത്തിന്റെ മകനെയും മുന്‍നിര്‍ത്തി ഖട്ടര്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം ഹരിയാന കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. സെല്‍ജ പ്രചരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് ഐക്യമുള്ള പാര്‍ട്ടിയാണെന്നും ചിദംബരം പ്രതികരിക്കുകയുണ്ടായി.

വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഹരിയാനയില്‍ നടക്കാനിരിക്കുന്നത്. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ബി.ജെ.പി എന്നീ പാര്‍ട്ടികള്‍ ഒറ്റയ്ക്കാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്.

ആം ആദ്മിയുമായി സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ നിലവില്‍ ഇരുപാര്‍ട്ടികളും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

ഇതിനുപുറമെ തെരഞ്ഞെടുപ്പില്‍ ആദ്യസ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതോടെ ബി.ജെ.പിയില്‍ ഭിന്നത രൂപപ്പെട്ടിരുന്നു. പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ കഴിയാതെ വന്നതോടെ മന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കള്‍ ബി.ജെ.പി വിട്ടിരുന്നു.

Content Highlight: Haryana Election; Union Minister invites Congress MP to BJP

Latest Stories