| Saturday, 31st August 2024, 7:30 pm

ഹരിയാന തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി; ബി.ജെ.പിയുടെ ആവശ്യമംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റം. നേരത്തെ ഒക്ടോബര്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ ഇത് ഒക്ടോബര്‍ അഞ്ചാം തീയതിയിലേക്ക് മാറ്റിവെച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നേരത്തെ തീരുമാനിച്ചത് അനുസരിച്ച് ഒക്ടോബര്‍ നാലിന് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റിയതോടെ, ഫലം ഒക്ടോബര്‍ എട്ടിനായിക്കും ഇനി പ്രഖ്യാപിക്കുക. ഒക്ടോബര്‍ അഞ്ചിന് ഒറ്റഘട്ടമായാണ് ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

അസോജ് അമാവാസി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഹരിയാനയിലെ ബിഷ്ണോയി സമുദായത്തിലെ ആളുകള്‍ക്ക് അവസരമൊരുക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റിവെച്ചത്. ഇതിനുപുറമെ ജമ്മു കശ്മീരിലെയും വോട്ടെണ്ണല്‍ തീയതി നാലില്‍ നിന്ന് എട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഒന്നാം തീയതിക്ക് മുമ്പും ശേഷവും അവധി ദിനങ്ങള്‍ വരുന്നുണ്ടെന്നും ഇത് പോളിങ് ശതമാനത്തെ ബാധിച്ചേക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി ആവശ്യം ഉന്നയിച്ചത്.

ബി.ജെ.പി ഹരിയാന ഘടകം അധ്യക്ഷനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിച്ചത്.

‘സെപ്റ്റംബര്‍ 28 ശനിയാഴ്ച, പലര്‍ക്കും അവധിയാണ്. തൊട്ടടുത്ത ദിവസം ഞായറാഴ്ചയുമാണ്. ഒക്ടോബര്‍ ഒന്ന് പോളിങ് ദിവസമായതിനാല്‍ അവധിയും. തൊട്ടടുത്ത ദിവസമായ ഒക്ടോബര്‍ രണ്ടിനും മൂന്നിനും മഹാരാജ അഗ്രസെന്‍ ജയന്തി പ്രമാണിച്ച് അവധിയാണ്,’ എന്ന് ബി.ജെ.പി തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി അംഗം വരീന്ദര്‍ ഗാര്‍ഗ് കമ്മീഷനെ അറിയിക്കുകയുമുണ്ടായി.

അതേസമയം ബി.ജെ.പിയുടെ ആവശ്യത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പേ ബി.ജെ.പി ഭയപ്പെടുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.

പരാജയം മുന്നില്‍ക്കണ്ട ബി.ജെ.പി ബാലിശമായ വാദങ്ങള്‍ മുന്നോട്ടുവെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ദീപേന്ദര്‍ ഹൂഡ വിമര്‍ശിച്ചിരുന്നു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 46.11 ശതമാനം വോട്ട് ഷെയര്‍ ലഭിച്ചിരുന്നു. ആകെ രേഖപ്പെടുത്തിയ 65 ശതമാനം പോളിങ്ങില്‍ അഞ്ച് സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടപ്പെടുകയും ചെയ്തിരുന്നു. നേരെമറിച്ച്, 2019 ല്‍ 70.34 ശതമാനം പോളിങ് നടന്നപ്പോള്‍, പാര്‍ട്ടിക്ക് 58.2 ശതമാനം വോട്ടും 10 സീറ്റുമാണ് ലഭിച്ചത്.

Content Highlight: Haryana election postponed to October 5

Latest Stories

We use cookies to give you the best possible experience. Learn more