ന്യൂദല്‍ഹി: ഒരു വര്‍ഷം മുമ്പ് സംഘപരിവാര്‍ വര്‍ഗീയ സംഘര്‍ഷത്തിന്റെ വിത്തുകള്‍ പാകിയ ഹരിയാനയിലെ നൂഹ് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ വെന്നിക്കൊടി പാറിച്ച് കോണ്‍ഗ്രസ്.
തെരഞ്ഞൈടുപ്പ് കമ്മീഷന്‍ ആദ്യഫലപ്രഖ്യാപനം നടത്തിയ മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ നൂഹില്‍ കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എയായ അഫ്താബ് അഹമ്മദ് 46,963 ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. നാഷണല്‍ ലോക്ദളിന്റെ താഹിര്‍ ഹുസൈനാണ് രണ്ടാം സ്ഥാനത്ത്. താഹിറിന് 44,870 വോട്ടുകളാണ് ലഭിച്ചത്.
എന്നാല്‍ ഈ മണ്ഡലത്തില്‍ മൂന്നാമതായാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഫിനിഷ് ചെയ്തത്. 15,902 വോട്ടുകള്‍ മാത്രമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സഞ്ജയ് സിങ്ങിന് ലഭിച്ചത്.
നൂഹില്‍ നിന്ന് അഫ്താബ് അഹമ്മദ് വിജയിച്ചപ്പോള്‍ ഫിറോസ്പൂര്‍ ജിര്‍ക്കയില്‍ കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എ മമ്മന്‍ ഖാന്‍ 95,000ത്തിലധികം വോട്ടുകള്‍ക്കും പുനഹാനയില്‍ മുഹമ്മദ് ഇല്യാസ് 30,000-ത്തിലധികം വോട്ടുകള്‍ക്കും വിജയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നൂഹ് വലിയ രീതിയിലുള്ള വര്‍ഗീയ സംഘര്‍ഷത്തിനാണ് സാക്ഷ്യം വഹിച്ചത്. ഹരിയാനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നൂഹിലൂടെ വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ ശോഭയാത്രയെത്തുടര്‍ന്നാണ് അക്രമസംഭവങ്ങളുണ്ടാവുന്നത്. ശോഭയാത്രയില്‍ നസീര്‍, ജുനൈദ് എന്നീ ചെറുപ്പക്കാരെ വാഹനത്തില്‍ വെച്ച് ചുട്ടുകൊന്ന കേസിലെ പ്രതിയും ഗോരക്ഷാ ഗുണ്ടയുമായ മോനു മനസേര്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇതിനെത്തുടര്‍ന്ന് യാത്രയ്ക്ക് നേരെ കല്ലേറ് ഉണ്ടാവുകയും, ഇതിന് പിന്നില്‍ മുസ്‌ലിം വിഭാഗക്കാരാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ പ്രദേശത്തെ മുസ്‌ലിം വീടുകള്‍ക്ക് നേരേയും വ്യാപാരസ്ഥാപങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നു. ഇത് പിന്നീട് പ്രദേശത്ത് കലാപത്തിന് കാരണമാവുകയായിരുന്നു. വര്‍ഗീയ സംഘര്‍ഷം തൊട്ടടുത്ത ഗുരുഗ്രാമിലേക്കും സോഹ്നയിലേക്കും വ്യാപിക്കുകയും ചെയ്തു.
2019ല്‍ വെറും 4000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അഫ്താബ് അഹമ്മദ് നൂഹില്‍ വിജയിക്കുന്നത്. എന്നാല്‍ 2014ല്‍ 32,000 വോട്ടുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു. 2009, 2005 വര്‍ഷങ്ങളിലും ജനവിധി തേടിയിരുന്നെങ്കിലും ഒരു തവണ പരാജയം രുചിച്ചു.
അതേസമയം ഇവര്‍ മൂവരും വെന്നിക്കൊടി പാറിച്ചെങ്കിലും കോണ്‍ഗ്രസ് വിജയപ്രതീക്ഷ പുലര്‍ത്തിയുരുന്ന ഹരിയാനയില്‍ അവര്‍ പരാജയത്തിന്റെ വക്കിലാണ്. 90 സീറ്റുകളുള്ള ഹരിയാനയില്‍ ബി.ജെ.പി 50 സീറ്റുകള്‍ നേടി ലീഡ് വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് 35 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
Content Highlight: Haryana Election; Congress wins all three seats in Nuh where communal riots took place