| Monday, 19th August 2019, 7:15 pm

ഹരിയാന കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; ഭൂപീന്ദര്‍ സിംഗ് ഹൂഡക്കെതിരെ സംസ്ഥാന അദ്ധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പാര്‍ട്ടി നയത്തിനെതിരെ നിലപാടെടുത്ത മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂഹിന്ദര്‍ സിംഗ് ഹൂഡയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അശോക് തന്‍വര്‍.

ശക്തികേന്ദ്രമായ രോഹ്തകില്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡ വിളിച്ചു ചേര്‍ത്ത റാലി ഇന്നലെ നടത്തിയിരുന്നു. ഈ റാലിയില്‍ കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചുകൊണ്ട് സംസാരിച്ചിരുന്നു. ഇതിനെതിരെയാണ് അശോക് തന്‍വര്‍ പ്രതികരിച്ചത്.

ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ പ്രതികരണം പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായിട്ടുള്ളതാണ്. ഇത് പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് അശോക് തന്‍വര്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസ് മാറിപോയെന്നും പഴയ കോണ്‍ഗ്രസല്ല എന്ന ഹൂഡയുടെ വാക്കുകളോടും അശോക് തന്‍വര്‍ പ്രതികരിച്ചു. പാര്‍ട്ടി പഴയ പാര്‍ട്ടി തന്നെയാണ്. ഒരു വ്യക്തിയെ മുഖ്യമന്ത്രിയാക്കിയ അതേ പാര്‍ട്ടി തന്നെയാണ് ഇപ്പോഴും. ഇത് പൂര്‍ണ്ണമായും പാര്‍ട്ടി വിരുദ്ധ നടപടി തന്നെയാണെന്ന് അശോക് തന്‍വര്‍ പറഞ്ഞു.

അശോക് തന്‍വറിന്റെ വാക്കുകളോട് ഭൂപീന്ദര്‍ സിംഗ് ഹൂഡയും പ്രതികരിച്ചു. എന്റെ മനസ്സിലുള്ള വാക്കുകളാണ് ഞാന്‍ ഞായറാഴ്ച പറഞ്ഞത്. അതിന് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. ഞാന്‍ പറഞ്ഞതെന്താണോ അതില്‍ ഉറച്ചു നില്‍ക്കുന്നു. അശോക് തന്‍വറിന് പറയാനുള്ളതെന്താണോ അതായിരിക്കും അദ്ദേഹം പറഞ്ഞിട്ടുണ്ടാവുക എന്നാണ് ഹൂഡയുടെ പ്രതികരണം.

We use cookies to give you the best possible experience. Learn more