| Sunday, 6th August 2023, 4:34 pm

ഹരിയാന സംഘര്‍ഷം; നൂഹ് സന്ദര്‍ശിക്കാനെത്തിയ സി.പി.ഐ നേതാക്കളെ തടഞ്ഞ് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നൂഹ്: കലാപ ബാധിത പ്രദേശമായ ഹരിയാനയിലെ നൂഹ്, ഗുരുഗ്രാം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സി.പി.ഐ നേതാക്കളെ തടഞ്ഞ് പൊലീസ്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് തടഞ്ഞു നിര്‍ത്തിയത്. സി.പി.ഐ രാജ്യസഭ എം.പി ബിനോയ് വിശ്വം, ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, സന്തോഷ് കുമാര്‍ എം.പി, ദരിയ സിങ് കശ്യപ് എന്നീ നേതാക്കളെയാണ് തടഞ്ഞു നിര്‍ത്തിയത്.

എന്നാല്‍ ഗുണ്ടകള്‍ക്കും അക്രമികള്‍ക്കും യഥേഷ്ടം പോകാമെന്നും ജനാധിപത്യ വിശ്വാസികളെ തടഞ്ഞു നിര്‍ത്തുകയാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

‘ഗുണ്ടകള്‍ക്കും അക്രമികള്‍ക്കും യഥേഷ്ടം സഞ്ചരിക്കാം. സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ടി വരുന്ന ജനാധിപത്യവാദികളെ തടയുന്നു.

സി.പി.ഐ.എം നതാക്കളായ ബൃന്ദാ കാരാട്ട്, ജോണ്‍ബ്രിട്ടാസ്, എ.എ റഹീം എന്നിവരും ഇന്ന് നൂഹിലേക്ക് പുറപ്പെടുന്നുണ്ട്.

നൂഹ്, പല്‍വല്‍ ജില്ലകളിലെ ഇന്റര്‍നെറ്റ് നിരോധനം ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ട്. എസ്.എം.എസ് നിരോധനം തിങ്കളാഴ്ച അഞ്ച് മണി വരെ തുടരും.

അതേസമയം നൂഹില്‍ ഇന്ന് വീണ്ടും ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടം പൊളിച്ച് നീക്കി. അനധികൃത നിര്‍മാണമാണെന്ന് ആരോപിച്ചാണ് നൂഹിലെ സഹറ റസ്റ്റോറന്റ് ഞായറാഴ്ച പൊളിച്ച് നീക്കിയത്.

വ്യാഴാഴ്ച വൈകിട്ടോടെയാണ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കല്‍ നടപടി ജില്ലാ ഭരണകൂടം ആരംഭിച്ചത്. ഇതുവരെ ഒരു മെഡിക്കല്‍ ഷോപ്പ് അടക്കം 12 കടകള്‍ ഭരണകൂടം ഇടിച്ച് നിരത്തിയെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

കലാപം നടന്ന നൂഹില്‍ നിന്നും 20 കി.മി അകലെയുള്ള തൗരുവിലെ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന കുടിലുകളും നേരത്തെ പൊളിച്ച് നീക്കിയിരുന്നു. ഹരിയാനയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാരോപിച്ചാണ് 250 കുടിലുകള്‍ പൊളിച്ചുനീക്കിയത്.

എന്നാല്‍ സംഘര്‍ഷത്തില്‍ ഭാഗമായവരുടെ ഉടമസ്ഥതയിലുള്ള വീടുകളാണ് പൊളിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹരിയാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതെന്ന് നൂഹ് ജില്ലാ കളക്ടര്‍ അശ്വിനി കുമാറും പറഞ്ഞു.

നൂഹില്‍ ബജ്‌റംഗ്ദളും വി.എച്ച്.പിയും സംഘടിപ്പിച്ച ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്രക്ക് പിന്നാലെയാണ് ഹരിയാനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ ഇതുവരെ ഒരു പുരോഹിതനും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്.

content highlights: Haryana conflict; Police stopped the CPI leaders who came to visit Noah

Latest Stories

We use cookies to give you the best possible experience. Learn more