സിന്ധുവിനേയും സാക്ഷിയേയും അനുമോദിക്കുന്ന ചടങ്ങില്‍ സിന്ധുവിന്റെ പേരും നാടും മറന്ന് ഹരിയാന മുഖ്യമന്ത്രി
Daily News
സിന്ധുവിനേയും സാക്ഷിയേയും അനുമോദിക്കുന്ന ചടങ്ങില്‍ സിന്ധുവിന്റെ പേരും നാടും മറന്ന് ഹരിയാന മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th August 2016, 11:19 am

ഹരിയാന: ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം കാത്ത പി.വി സിന്ധുവിനേയും സാക്ഷിമാലിക്കിനേയും അനുമോദിക്കുന്ന ചടങ്ങില്‍ സിന്ധുവിന്റെ പേരും സ്വദേശവും ഏതെന്നറിയാതെ കുഴങ്ങി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍.

ചടങ്ങിനിടെ സിന്ധുവിന്റെ മുഴുവന്‍ പേര് വേദിയിലിരിക്കുന്നവരോട് മുഴുവന്‍ ചോദിച്ചാണ് മുഖ്യമന്ത്രി മനസിലാക്കിയത്. ഇതിന് ശേഷം സിന്ധു കര്‍ണാടകക്കാരിയാണെന്നായിരുന്നു അടുത്ത പരാമര്‍ശം. ഉടന്‍ തന്നെവേദിയിലുള്ളവര്‍ അത് തിരുത്തുകയും ചെയ്തു.

നമ്മുടെ രണ്ട് പെണ്‍മക്കള്‍ ഒളിമ്പിക് മെഡല്‍ നേടിയിരിക്കുന്നു. രക്ഷാബന്ധന്‍ ആഘോഷത്തിനിടെയാണ് ഇതെന്നത് ഇരട്ടിസന്തോഷമാണ്. ഹരിയാനയില്‍ നിന്നുള്ള സാക്ഷിമാലിക്കും കര്‍ണാടകയില്‍ നിന്നുള്ള സിന്ധു( പേര് വേദിയിലിരിക്കുന്നവരോട് ചോദിക്കുന്നു)വിനേയും ഞാന്‍ അഭിനന്ദിക്കുന്നു ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

എന്നാല്‍ വേദിയിലിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ പിഴവുകള്‍ അപ്പപ്പോള്‍ തിരുത്തുന്നുമുണ്ടായിരുന്നു. ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്കിനെ ആദരിക്കാന്‍ റോത്തക്കിനടുത്ത് ബഹദൂര്‍ഗഡ് ടൗണില്‍ ഹരിയാന സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ മുഖ്യമന്ത്രി സാക്ഷിയ്ക്ക് 2.5 കോടിയുടെ ചെക്ക് കൈമാറി. സാക്ഷിയുടെ രണ്ട് പരിശീലകര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. പിവി സിന്ധുവിന് ഹരിയാന സര്‍ക്കാര്‍ 50 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.