ചണ്ഡിഗഢ്: കര്‍ണാലില്‍ കര്‍ഷകര്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമങ്ങളെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കര്‍ഷകര്‍ പൊലീസിനെ ആക്രമിച്ചതിനാല്‍ പൊലീസ് ചെറുത്ത് നില്‍ക്കുകയായിരുന്നുവെന്നാണ് ഖട്ടാര്‍ പറഞ്ഞത്.
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വിളിച്ചു ചേര്‍ത്ത ബി.ജെ.പി ജനപ്രതിനിധികളുടെ യോഗത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചെത്തുകയായിരുന്നു. പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു. പൊലീസിന്റെ ഈ നടപടിയെ ന്യായീകരിച്ചാണ് ഖട്ടാര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
‘അവര്‍ക്ക് പ്രതിഷേധിക്കണമെങ്കില്‍ അത് സമാധാനപരമായ രീതിയില്‍ ആവണമായിരുന്നു. അങ്ങനെയെങ്കില്‍ അവരെ ആരും തടയില്ലായിരുന്നു. പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് അവര്‍ ആദ്യമേ ഉറപ്പ് തന്നിരുന്നു. എന്നാല്‍ അവര്‍ റോഡ് തടയുകയും പൊലീസിന് നേരെ കല്ലെറിയുകയുമായിരുന്നു. പൊലീസ് ക്രമസമാധാനം സംരക്ഷിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത്,’ ഖട്ടാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരടക്കം പൊലീസിന്റെ ഈ നടപടിയെ ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു. കര്‍ഷകര്‍ ഹൈവേ തടഞ്ഞതിനാല്‍ ഞങ്ങള്‍ ചെറുതായി ചെറുത്തു നിന്നു. പൊലീസിനു നേരെ ചിലര്‍ കല്ലുകളും എറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ചെറിയ തോതിലുള്ള ബലപ്രയോഗവും നടത്തേണ്ടതായും വന്നു എന്നാണ് സംഭവത്തെ കുറിച്ച് കര്‍ണാല്‍ ഐ. ജി മമ്ത സിംഗ് പറഞ്ഞത്.
അതേ സമയം കര്‍ണാലില്‍ നടന്ന പൊലീസിന്റെ ആക്രമണത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണ കാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
കര്‍ഷകരുടെ മൂന്നാം ഘട്ട സമര പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷക പ്രക്ഷോഭം നടക്കുന്ന കര്‍ണാലിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തെ നേരിടാന്‍ അടുത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തിയിട്ടുണ്ട്. ഹരിയാനയിലെ എല്ലാ ദേശീയപാതകളും ഉപരോധിക്കാന്‍ കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു.
സംഭവത്തെ തുടര്‍ന്ന് കൂടൂതല്‍ കര്‍ഷകര്‍ കര്‍ണാല്‍ ടോള്‍ പ്ലാസക്ക് സമീപം സംഘടിച്ചെത്തുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് കര്‍ഷക സംഘടനകള്‍ ഗുരുദ്വാര കര്‍ സേവയില്‍ പ്രതിഷേധക്കാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. കര്‍ഷകരുടെ ഒത്തുചേരല്‍ ഒഴിവാക്കാന്‍ ഗുരുദ്വാരയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Haryana CM Manohar Lal Khattar justifies police attack on Karnal