മുഖ്യമന്ത്രി രാജ്യത്തെ ഒരു വിഭാഗം പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കുകയാണ്; തുറസായ സ്ഥലങ്ങളിലെ പരസ്യ നിസ്‌കാരം എതിര്‍ത്ത മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ
national news
മുഖ്യമന്ത്രി രാജ്യത്തെ ഒരു വിഭാഗം പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കുകയാണ്; തുറസായ സ്ഥലങ്ങളിലെ പരസ്യ നിസ്‌കാരം എതിര്‍ത്ത മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th December 2021, 4:33 pm

ഗുഡ്ഗാവ്: തുറസായ സ്ഥലങ്ങളിലെ പരസ്യ നിസ്‌കാരത്തോട് യോജിക്കാനാവില്ലെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവനയെ അപലപിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ.

‘പൊതുസ്ഥലങ്ങളില്‍ നിസ്‌കരിക്കുന്ന ശീലം വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല’ എന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവന അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും എല്ലാ മതസ്ഥരും പൊതുസ്ഥലങ്ങളില്‍ പ്രാര്‍ഥനകള്‍ നടത്താറുണ്ടെന്നും മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോയുടെ പ്രസ്താവനയില്‍ പറയുന്നു.

‘പൊതുസ്ഥലങ്ങളില്‍ നിസ്‌കരിക്കുന്ന ശീലം വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല’ എന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവന അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. എല്ലാ മതസ്തരും പൊതുസ്ഥലങ്ങളില്‍ പ്രാര്‍ഥനകള്‍ നടത്താറുണ്ട്. മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ല.ഗുഡ്ഗാവില്‍ പള്ളികള്‍ നിര്‍മിക്കാന്‍ സാധിക്കാത്ത ഇടങ്ങളില്‍ പൊതുസ്ഥലത്ത് വെള്ളിയാഴ്ച പ്രാര്‍ഥന നടത്താന്‍ മുസ്‌ലിങ്ങള്‍ക്ക് ഇതേ സര്‍ക്കാര്‍ നല്‍കിയ അനുമതി മുഖ്യമന്ത്രി പിന്‍വലിച്ചു.

അനുവദിച്ച സ്ഥലങ്ങളില്‍ മുസ്‌ലിങ്ങള്‍ വെള്ളിയാഴ്ച പ്രാര്‍ഥന നടത്തുന്നത് മാസങ്ങളായി ബജ്റംഗദള്‍ പോലുള്ള സംഘടനകളിലെ പ്രവര്‍ത്തകര്‍ തടയുന്നു. നീതി നിഷേധത്തിനു പൊലീസ് കൂട്ടുനില്‍ക്കുന്നു. അക്രമികള്‍ ശിക്ഷിക്കപ്പെടുമെന്നും സമാധാനപരമായി പ്രാര്‍ഥന നടക്കുമെന്നും ഉറപ്പുവരുത്തേണ്ടതിനുപകരം മുഖ്യമന്ത്രി രാജ്യത്തെ ഒരു വിഭാഗം പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കുകയാണ്.

ഹരിയാന സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കണം. വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ സമാധാനപരമായി നടത്താനുള്ള സാഹചര്യം സൃഷ്ടിക്കണം. പള്ളികള്‍ നിര്‍മിക്കാനും വഖഫ് വസ്തുക്കളുടെ നിയന്ത്രണം നേടാനും മുസ്‌ലിം സമുദായത്തിന് അനുമതി നല്‍കണം,”പ്രസ്താവനയില്‍ പറയുന്നു.

ഗുഡ്ഗാവിലെ തുറസായ സ്ഥലങ്ങളില്‍ ജുമുഅ നിസ്‌കാരം അനുവദിക്കില്ലെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞത്.

ഗുഡ്ഗാവ് ഭരണകൂടം എല്ലാ കക്ഷികളുമായും വീണ്ടും ചര്‍ച്ച നടത്തുമെന്നും ആരുടെയും അവകാശങ്ങള്‍ പിടിച്ചെടുക്കാത്ത സൗഹാര്‍ദപരമായ ഒരു പരിഹാരം ഉണ്ടാക്കുമെന്നും അതുവരെ സ്വന്തം വീടുകളിലോ മറ്റു സ്ഥലങ്ങളിലോ പ്രാര്‍ത്ഥന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

തീവ്ര വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ഗുഡ്ഗാവില്‍ ജുമുഅ തടസപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് വെള്ളിയാഴ്ച്ചകളില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍, ‘ലാന്‍ഡ് ജിഹാദ്’ എന്നാരോപിച്ച് നിസ്‌കാരം തടസപ്പെടുത്തുകയായിരുന്നു.

എന്നാല്‍, അധികൃതര്‍ അനുവദിച്ച് നല്‍കിയ 37 ഇടങ്ങളിലാണ് നിസ്‌കാരം നടത്തുന്നത്. ഇതില്‍ എട്ട് സ്ഥലങ്ങളിലെ അനുമതി ഗുഡ്ഗാവ് അഡ്മിനിസ്ട്രേഷന്‍ പിന്‍വലിച്ചിരുന്നു.

 

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:Haryana CM denying constitutional rights to a section of citizens, says CPI(M)