| Thursday, 1st March 2018, 12:45 pm

'12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ'; തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഛണ്ഡീഗഡ്: 12 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനത്തിന് ഹരിയാന മന്ത്രിസഭയുടെ പച്ചക്കൊടി. മുഖ്യമന്ത്രി മനോഹര്‍ ഖട്ടാര്‍ അധ്യക്ഷനായ മന്ത്രിസഭായോഗമാണ് പുതിയ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 എ, 376 ഡി, 354, 354 ഡി(2) എന്നീ വകുപ്പുകളില്‍ ഭേദഗതി കൊണ്ടുവരാനാണ് ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനോ കൂട്ടബലാത്സംഗത്തിനോ ഇരയായാല്‍ പ്രതികള്‍ക്ക് വധശിക്ഷയോ 14 വര്‍ഷത്തില്‍ കുറയാത്ത കഠിനതടവോ ശിക്ഷ ലഭിക്കും.

കൂട്ടബലാത്സംഗമാണെങ്കില്‍ പ്രതികളായ ഓരോരുത്തര്‍ക്കുമേലും ബലാത്സംഗകുറ്റം ചുമത്തും. ഇവര്‍ക്ക് വധശിക്ഷയോ ജീവപര്യന്തം കഠിനതടവോ ശിക്ഷ ലഭിക്കും. പ്രതികളില്‍ നിന്ന് പിഴയും ഈടാക്കും. മന്ത്രിസഭായോഗത്തിനു ശേഷം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഇത്തരത്തില്‍ ഈടാക്കുന്ന പിഴ ഇരയുടെ ചികിത്സാവശ്യങ്ങള്‍ക്കും പുനരധിവാസത്തിനും ഉപയോഗിക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഈ വകുപ്പുകള്‍ പ്രകാരം ഈടാക്കുന്ന പിഴ ഇരയ്ക്ക് നല്‍കും.

We use cookies to give you the best possible experience. Learn more